
ന്യൂഡൽഹി: കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കി മഹാരാഷ്ട്ര.രോഗബാധിതരുടെ എണ്ണം കൂടുന്ന സാചര്യത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സംസ്ഥാനം ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . ഇതിന്റെ ആദ്യപടിയെന്നോണം പുനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറുമണിവരെ അവശ്യ സർവീസുകളൊഴികെ മറ്റുള്ളവയ്ക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഈ മാസം 28 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് സർക്കാർ തീരുമാനം.
അതിനിടെ, കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ കേരളവും മഹാരാഷ്ട്രയുമടക്കമുളള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. പരിശോധനകളുടെ എണ്ണം കൂട്ടാനും ആർ ടി-പി സി ആർ ടെസ്റ്റുകൾ ഉയർത്താനും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 87000 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇന്ത്യയിൽ കൊവിഡിന്റെ ഒരു രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനയാണെന്ന് സംശയമുണ്ട്. 24 മണിക്കൂറിനിടെ 14264 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് നിലവിലുള്ള സജീവ കൊവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കുറച്ച് ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസുകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.