
സിഡ്നി: ആസ്ട്രേലിയയിൽ കൊവിഡ് വാക്സിനേഷൻ തുടക്കമായി. പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് ആദ്യ കുത്തിവയ്പ് എടുത്തത്. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനായുള്ള നിർണായക ചുവടുവയ്പ്പാണ് വാക്സിനേഷനെന്ന് കുത്തിവയ്പ്പെടുത്ത ശേഷം സ്കോട്ട് പറഞ്ഞു. പ്രധാനമന്ത്രിയോടൊപ്പം മറ്റ് ചിലരും വാക്സിൻ സ്വീകരിച്ചു. ഫൈസർ-ബയോൺടെക് വാക്സിനാണ് ആസ്ട്രേലിയയിൽ വിതരണം ചെയ്യുന്നത്. മാർച്ചോടെ 40 ലക്ഷത്തോളം പൗരന്മാർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് ബാധയെ വളരെ ഫലപ്രദമായാണ് ആസ്ട്രേലിയ നേരിട്ടത്. വ്യാപനത്തിന്റെ പല ഘട്ടങ്ങളും കടുത്ത കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങളിലൂടെ ചെറുക്കാൻ ആസ്ട്രേലിയയ്ക്ക് സാധിച്ചു. ഇതുവരെ 28,926 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 909 പേർ മരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 11 കോടി കവിഞ്ഞു. മരണം 2,473,549 ആയി. അമേരിക്കയിലാണ് രോഗവ്യാപനവും മരണവും ഏറ്റവും കൂടുതൽ. ഇതുവരെ 509,875 പേരാണ് അമേരിക്കയിൽ മരിച്ചത്. ആകെ 28,706,473 രോഗികളുണ്ട്.
വർഷാവസാനം യു.എസ് കൊവിഡ്മുക്തമാകുമെന്ന് ബൈഡൻ
ജനലക്ഷങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതോടെ അമേരിക്ക ഈ വർഷാവസാനത്തോടെ സാധാരണനിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡൻ. മിഷിഗണിലെ ഫൈസർ വാക്സിൻ ഗവേഷണകേന്ദ്രം സന്ദർശിക്കുകയായിരുന്നു ബൈഡൻ. എല്ലാവരിലും ഒരുപോലെയെത്തിക്കാൻ വാക്സിൻ നിർമ്മാണം ത്വരിതപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. വാക്സിൻ നിർമ്മാണം നല്ല രീതിയ്ക്ക് നടന്നാൽ ഈ വർഷാവസാനത്തോടെ യു.എസ് കൊവിഡ്മുക്തമാകുമെന്ന് ബൈഡൻ പറഞ്ഞു. അങ്ങനെ വന്നാൽ, ഡിസംബർ കഴിഞ്ഞവർഷത്തേതിൽ നിന്ന് വ്യത്യസ്തമാകും. എന്നാൽ, ഉറപ്പ് പറയാനും സാധിക്കില്ല. കൊവിഡിന് നിരവധി വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തു.ശാസ്ത്രത്തിൽ വിശ്വസിക്കുക. കൊവിഡ് ബാധ തടയാൻ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.