
പുതുച്ചേരി: നാളെ പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനെ പരുങ്ങലിലാക്കി ഒരു എം.എൽ.എ. കൂടി രാജിവച്ചു. കെ. ലക്ഷ്മിനാരായണൻ ആണ് ഇന്ന് രാജിവെച്ചത്. വി. നാരായണസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് എം.എൽ.എയാണ് ലക്ഷ്മിനാരായണൻ.
നിലവിൽ കോൺഗ്രസിന് സ്പീക്കറടക്കം ഒമ്പത് എം.എൽ.എമാരാണുളളത്. യു.പി.എക്ക് ഡി.എം.കെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയടക്കം പതിമൂന്ന് പേരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നിവർക്ക് പതിനൊന്ന് എം.എൽ.എമാരുണ്ട്. കൂടാതെ ബി.ജെ.പിയുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളടക്കം എൻ.ഡി.എക്ക് പതിനാല് പേരുടെ പിന്തുണയുണ്ട്.
നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് പേർ ബി.ജെ.പി. നേതാക്കളാണ്. ഇവർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നാണ് നാരായണസാമി പക്ഷം വാദിക്കുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുമ്പോൾ ഇതിനെതിരേ വോട്ട് ചെയ്യാൻ ധാർമികമായി ഈ എം.എൽ.എമാർക്ക് അവകാശമില്ലെന്ന വാദവും ഭരണപക്ഷം ഉയർത്തുന്നു.
എന്നാൽ തങ്ങൾക്ക് വോട്ടവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നതായാണ് നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാരുടെ വാദം. വിശ്വാസവോട്ടെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ സ്പീക്കർ വിലക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ലഫ്. ഗവർണർ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവാണ്. അതോടെ സംസ്ഥാനഭരണത്തിൽ കേന്ദ്രം നേരിട്ട് ഇടപെടാനും സാദ്ധ്യതയേറെയാണ്