
തിരുവനന്തപുരം:കേന്ദ്ര റെയിൽവേ മന്ത്രാലയം മരവിപ്പിച്ചിരുന്ന ശബരി റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത് വൈകും. കേരളത്തിന്റെ രണ്ട് നിബന്ധനകളാണ് കാരണം.
പദ്ധതി യാഥാർത്ഥ്യമായാൽ ലാഭത്തിന്റെ പകുതി വേണം, സ്റ്റേഷനുകളുടെ വികസനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയാണ് നിബന്ധനകൾ. ലാഭം പങ്കിടുന്നത് അംഗീകരിക്കാറില്ലെങ്കിലും കേരളത്തിന്റെ ആവശ്യങ്ങൾ റെയിൽവേ ബോർഡ് പരിഗണിക്കുകയാണ്.
പദ്ധതി മരവിപ്പിക്കുമെന്ന് കേരളകൗമുദി 2019 ഡിസംബർ 23ന് റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് കഴിഞ്ഞ ജനുവരി 6ന് കേരളം സമ്മതിച്ചതോടെയാണ് മരവിപ്പിച്ച പദ്ധതി അനങ്ങിയത്. കേന്ദ്ര ബഡ്ജറ്റിൽ ടോക്കൺ തുകയും (1000 രൂപ ) അനുവദിച്ചു. പ്രധാനമന്ത്രിയുടെ 'പ്രഗതി' പദ്ധതിയിലാണ് ശബരി റെയിൽ.
സ്ഥലമെടുപ്പ് കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാത്തതിനാലാണ് പദ്ധതി മരവിപ്പിച്ചത്. ഭൂമി കിട്ടുന്ന മുറയ്‌ക്ക് പദ്ധതി ഏറ്റെടുക്കാമെന്ന് 2019 ഒക്ടോബറിലും കേന്ദ്രം ഓർമ്മിപ്പിച്ചിരുന്നു. ഭൂമി നൽകിയാൽ സംസ്ഥാനത്തിന്റെ ചെലവ് കുറയും. 900 കോടിയാണ് ഭൂമിക്ക് വേണ്ടത്. ബാക്കി 507 കോടി അഞ്ച് വർഷം കൊണ്ടു നൽകിയാൽ മതി. കർണാടകവും മറ്റും ഭൂമി നൽകിയത് അവരുടെ വിഹിതമായി റെയിൽവേ കണക്കാക്കിയിരുന്നു.
പദ്ധതിച്ചെലവ്
 1997 - 98ൽ പ്രഖ്യാപിച്ചപ്പോൾ 517 കോടി
 ഇപ്പോൾ 2,815 കോടി
 കേരളം വഹിക്കേണ്ടത് 1,407.5 കോടി ( ഭൂമി ഉൾപ്പെടെ)
ശബരി പാത
 അങ്കമാലി - എരുമേലി 115 കിലോമീറ്റർ
 റൂട്ട് - പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ
 അങ്കമാലി - കാലടി എട്ടു കി. മീറ്റർ ഭൂമി ഏറ്റെടുത്തു
കാലടി - എരുമേലി 107 കി.മീ ഭൂമി ഏറ്റെടുക്കണം
 52 മേൽപ്പാലങ്ങൾ
 ശബരിമല തീർത്ഥാടകർക്ക് ട്രെയിനിൽ എരുമേലിയിലെത്താം
 ഇടുക്കിയിലും ട്രെയിനെത്തും