
കൊല്ലം: സദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന സദ്യയിലാണ് കൂട്ടയടി നടന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു. ആര്യങ്കാവ് സ്വദേശിനിയായിരുന്നു വധു. കടയ്ക്കൽ സ്വദേശിയാണ് വരൻ.
ആര്യങ്കാവ് പൊലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് മദ്യപിച്ചെത്തി സംഘർമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കൾ തമ്മിൽ അടിപിടി ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് വധുവിന്റെയും വരന്റെയും തീരുമാനം. ഇതിനായി വധു വരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.