
ലക്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ ഏറ്റുമുട്ടലിൽ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി മോത്തിസിംഗിനെ പൊലീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പൊലീസ് നടത്തിയ മിന്നൽ ആക്രമണത്തിലാണിത്.
ഫെബ്രുവരി 9ന് കാസ്ഗഞ്ചിൽ അനധികൃതമായി നടത്തിയിരുന്ന മദ്യനിർമാണ ശാലയിൽ പരിശോധനയ്‌ക്കെത്തിയ സിന്ദ്പുര പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ദേവേന്ദ്രയെയാണ് മോത്തി സിംഗ് കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ അശോകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളിൽനിന്ന് മോത്തി തട്ടിയെടുത്ത പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. മോത്തിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദേവേന്ദ്രയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെ കേസ് അന്വേഷണത്തിനായി ആറ് പൊലീസ് സംഘങ്ങളാണ് രൂപീകരിച്ചത്.
ദേശീയ സുരക്ഷാനിയമപ്രകാരം നടപടിയെടുക്കാനായിരുന്നു നിർദേശം. മറ്റൊരു പ്രതിയായ മോത്തി സിംഗിന്റെ സഹോദരൻ എൽകർ ഫെബ്രുവരി 9ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
തട്ടിക്കൊണ്ടു പോകൽ, ലഹരിക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെതന്നെ നിരവധി പരാതികൾ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ മോത്തി ഉള്ളതായി പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് രഹസ്യസങ്കേതം വളയുകയായിരുന്നു.