
മോസ്കോ: പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഫ്ലുവിന്റെ എച്ച്5എൻ8 വകഭേദം ലോകത്താദ്യമായി റഷ്യയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായി കൺസ്യൂമർ ഹെൽത്ത് വാച്ച്ഡോഗ് റോസ്പോട്രെബൻഡ്സർ മേധാവി അന്ന പൊപോവ അറിയിച്ചു. തെക്കൻ റഷ്യയിലെ ഒരു കോഴിഫാമിലെ ഏഴ് ജീവനക്കാരിലാണ് പക്ഷിപ്പനിയുടെ ജനിതകഘടനകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അന്ന പറഞ്ഞു. ഫാമിലെ കോഴിയിറച്ചികളിൽ നിന്നാണു വൈറസ് പിടിപെട്ടതെന്നു കരുതുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ആളുകൾക്ക് പക്ഷിപ്പനി ബാധിക്കുന്നത്. മനുഷ്യർക്കിടയിൽ സ്ഥിരമായ സംക്രമണം ഇല്ല. 60 ശതമാനമാണ് മരണനിരക്ക്. പ്രദേശത്ത് കഴിഞ്ഞ വർഷം ഡിസംബറിൽ പക്ഷിപ്പനി വ്യാപകമായിരുന്നു യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, ചൈന എന്നിവിടങ്ങളിലും കഴിഞ്ഞയിടയ്ക്ക് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ ഈയടുത്ത് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. താറാവുകളും കോഴികളുമടക്കം ആയിരക്കണക്കിന് വളർത്തുപക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്.