kim-kanye

വാഷിംഗ്ടൺ: ലോകപ്രശസ്ത മോഡലും ടെലിവിഷൻ താരവുമായി കിം കർദാഷിയാനും റാപ്പ് സംഗീതജ്ഞനായ കാന്യേ വെസ്റ്റും വിവാഹമോചിതരാകുന്നു. ആറ് വർഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് കിം - കാന്യേ ദമ്പതികൾ വേർപിരിയുന്നത്. കിം വിവാഹമോചന ഹർജി ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കിമ്മോ കാന്യയോ പ്രതികരിച്ചിരുന്നില്ല.

2012 ലാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വർഷത്തിന് വിവാഹിതരായി. കിമ്മിന്റെ മൂന്നാം വിവാഹവും കാന്യേയുടെ ആദ്യ വിവാഹവുമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കാന്യേ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ കിം ശക്തമായി എതിർത്തു. കിമ്മും മാതാവായ ക്രിസ് ജന്നറും തന്നെ മുറിയിലിട്ട് പൂട്ടാൻ ശ്രമിക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കാന്യേ നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, കാന്യേ ബൈപോളാർ ഡിസോഡറെന്ന മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് കിം വെളിപ്പെടുത്തിയിരുന്നു.

2000ത്തിൽ 19ാം വയസിൽ സംഗീതജ്ഞനായ ഡാമൻ തോമസിനെ കിം വിവാഹം ചെയ്തു. 2004 ൽ ഇരുവരും വേർപിരിഞ്ഞു. 2011 ൽ ബാസ്കറ്റ് ബോൾ താരമായ ഹംഫ്രീസനെ വിവാഹം ചെയ്തെങ്കിലും മൂന്ന് മാസത്തിന് ശേഷം ഈ ബന്ധവും തകർന്നു. പിന്നീട്, 2014ൽ കാന്യയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നോർത്ത് (7), സെയിന്റ്(5), ഷിക്കാഗോ(3), സാം(21 മാസം) എന്നീ മക്കളുണ്ട്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ താരമാണ് കിം.

 21 ഗ്രാമി അവാർഡുകൾ നേടിയ കാന്യേ ഒരു ഫാഷൻ ഡിസൈർ കൂടിയാണ്. വേർപിരിയാനുള്ള കിമ്മിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എങ്കിലും വിഷമമുണ്ടെന്നും കാന്യേ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.