funny-video

മുംബയ്: കോട്ടും സ്യൂട്ടുമണിഞ്ഞ് വീഡിയോകാളിൽ ഗൗരവമേറിയ വിഷയത്തിൽ സംസാരിക്കുന്ന ഭർത്താവിനടുത്തേക്ക് 'പ്രണയപൂർവം' ഭാര്യ ഉമ്മ വയ്ക്കാനെത്തിയാലോ?.

അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വ്യവസായ പ്രമുഖനായ ഹർഷ് ഗോയെങ്ക ഒരു ട്വീറ്റിലൂടെ പങ്കുവച്ച സ്‌ക്രീൻഷോട്ട് വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മദ്ധ്യവയസ്‌കരെന്ന് തോന്നിക്കുന്ന ദമ്പതികളാണ് ഇരുവരും. രാജ്യത്തിന്റെ ജി.ഡി.പിയെക്കുറിച്ചും മറ്റും കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനരികിലേക്ക് ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ഭാര്യ ചെല്ലുന്നതും തന്റെ പ്രിയതമന് അവർ ഒരു പ്രണയചുംബനം നൽകാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ ഭർത്താവിന് അതത്ര പിടിച്ചില്ല.

'വാട്ട് നോൺസെൻസ് യൂ ആർ ഡൂയിങ്ങ്? കാമറ ഓണാണ്' എന്നാണ് തെല്ല് ദേഷ്യത്തോടെ ഭർത്താവ് ഭാര്യയോട് പറയുന്നത്. ഏതായാലും വീഡയോ വൈറലാവുകയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

'ഹഹ. ഈ വനിതയെ വൈഫ് ഒഫ് ദ ഇയർ ആയി ഞാൻ നാമനിർദ്ദേശം ചെയ്യുകയാണ്. ഭർത്താവ് അൽപ്പം ദാക്ഷിണ്യത്തോടെ, അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിൽ കപ്പിൾ ഒഫ് ദി ഇയർ ആയി ഞാൻ അവരെ നോമിനേറ്റ് ചെയ്‌തേനെ. പക്ഷേ,​ അയാളുടെ ദുർമുഖം കാരണം അത് നഷ്ടമായി'-ആനന്ദ് മഹീന്ദ്ര കുറിച്ചു. ഏതായാലും 'അൺറൊമാന്റിക്കായ' ഭർത്താവിനെ വിമർശിച്ചുകൊണ്ടും 'പ്രണയവിവശയായ' ഭാര്യയെ പിന്താങ്ങിയും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അതേസമയം,ഇരുവരുടെയും സ്വകാര്യ നിമിഷത്തെ പരസ്യമാക്കിയതിനെ മറ്റ് ചിലർ വിമർശിക്കുന്നുമുണ്ട്. എതായാലും വീഡയോയിലെ ദമ്പതികൾ ആരെന്ന് വ്യക്തമായിട്ടില്ല.