novak-djocovic


ഡാനിൽ മെദ്‌വദേവിനെ കീഴടക്കി നൊവാക്ക് ജോക്കോവിച്ചിന് ഒമ്പതാം ആസ്ട്രേലിയൻ ഓപ്പൺ കിരീടം

ഗ്രാൻസ്ളാം കിരീടനേട്ടം 18ലെത്തി,ഫെഡറർക്കും നദാലിനുമൊപ്പമെത്താൻ രണ്ട് കിരീടങ്ങൾ കൂടി മാത്രം

മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ തന്റെ കിരീടങ്ങളുടെ എണ്ണം ഒൻപതിലേക്ക് ഉയർത്തി സെർബിയൻ ടെന്നീസ് രാജാവ് നൊവാക്ക് ജോക്കോവിച്ചിന്റെ പടയോട്ടം. കന്നി ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ റഷ്യൻ താരം ഡാനിൽ മെദ‌്‌വദേവിനെ ഇന്നലെ മെൽബണിൽ നടന്ന ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുപ്പത്തിമൂന്നുകാരനായ ജോക്കോവിച്ച് ഒമ്പതാമതും തിടമ്പേറ്റിയ കൊമ്പനായത്. സ്കോർ: 7-5, 6-2, 6-2.

കരിയറിലെ 18-ാം ഗ്രാൻസ്ളാം കിരീടമാണ് നൊവാക്കിനെത്തേടിയെത്തിയിരിക്കുന്നത്. ഇതോടെ പുരുഷ സിംഗിൾസിലെ ആൾ ടൈം ഗ്രാൻസ്ളാം കിരീടനേട്ടങ്ങളിൽ ഇതിഹാസതാരങ്ങളായ സ്വിറ്റ്സർലാൻഡിന്റെ റോജർ ഫെഡറർ, സ്പെയിനിന്റെ റാഫേൽ നദാൽ എന്നിവർക്കൊപ്പമെത്താൻ ജോക്കോവിച്ചിന് ഇനി രണ്ടു കിരീടങ്ങൾ കൂടി മതിയെന്നായി. ഏറ്റവും കൂടുതൽ തവണ ആസ്ട്രേലിയൻ ഓപ്പൺ നേടിയ പുരുഷതാരമെന്ന തന്റെ റെക്കാഡിന് നൊവാക്ക് തിളക്കം കൂട്ടുകയും ചെയ്തു. മെൽബണിൽ തുടർച്ചയായ മൂന്നാം തവണയാണ് നൊവാക്ക് ഇപ്പോൾ കിരീടം നേടിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് മൂന്ന് കിരീടങ്ങൾ നൊവാക്ക് ഇവിടെ നേടുന്നത്.2008ലായിരുന്നു നൊവാക്കിന്റെ ആദ്യ ആസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടം. ഇവി‌ടെ ഫൈനലിലെത്തിയപ്പോഴൊക്കെ ജയിച്ച ചരിത്രം നിലനിറുത്തുകയും ചെയ്തു.

കന്നി ഗ്രാൻസ്ളാം കിരീടം കൊതിച്ചെത്തിയ മെദ്‌വദേവിനെ ആദ്യ സെറ്റിലൊഴികെ തീർത്തും നിഷ്പ്രഭനാക്കിയ പ്രകടനമായിരുന്നു ജോക്കോവിച്ചിന്റേത്.ഒപ്പത്തിനാെപ്പം പോരാട്ടം കണ്ട ആദ്യ സെറ്റിൽ 7-5ന് ജയം കണ്ട നൊവാക്ക് പിന്നീട് നിഷ്പ്രയാസം കളി കൈയിലൊതുക്കി. ഒരു മണിക്കൂർ 53 മിനിട്ടാണ് മത്സരം നീണ്ടത്. ഇത് രണ്ടാം തവണയാണ് മെദ്‌വദേവ് ഗ്രാൻസ്ളാം ഫൈനലിൽ തോൽക്കുന്നത്. 2019 യുഎസ് ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിനോടായിരുന്നു ആദ്യ തോൽവി. സെമി പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണു ഇരുപത്തഞ്ചുകാരനായ മെദ്‌വദെവ് ഫൈനലിലെത്തിയത്.നൊവാക്ക് സെമിയിൽ ക്വാളിഫിക്കേഷൻ റൗണ്ട് കടന്നുവന്ന റഷ്യൻ താരം അസ്‌ലൻ കരാറ്റ്സേവിനെയാണ് കീഴടക്കിയിരുന്നത്.

15.70

കോടി ഇന്ത്യൻ രൂപയോളമാണ് കിരീടനേട്ടത്തിനുള്ള സമ്മാനമായി ജോക്കോവിച്ചിനു ലഭിക്കുക.പുരുഷ, വനിതാ ചാംപ്യൻമാർക്ക് ഒരേ സമ്മാനത്തുകയാണ്.

മധുരപ്പതിനെട്ട്

9 ആസ്ട്രേലിയൻ ഓപ്പണുകൾ

5 വിംബിൾഡണുകൾ

3 യു.എസ് ഓപ്പണുകൾ

1 ഫ്രഞ്ച് ഓപ്പൺ എന്നിങ്ങനെയാണ് നൊവാക്കിന്റെ 18 ഗ്രാൻസ്ളാം കിരീടനേട്ടങ്ങൾ വിഭജിക്കാനാവുക.