
വാഷിംഗ്ടൺ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 777-200 വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിൽ ചിതറി വീണിട്ടുണ്ട്. എൻജിനിൽ തീയാളുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
വിമാനത്തിൽ 231 യാത്രികരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൻവറിൽ നിന്ന് ഹോണോലുലുവിലേക്കാണ് വിമാനം പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് അൽപ്പസമയത്തിനകം എൻജിൻ തകരാർ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡെൻവർ വിമാനത്താവളത്തിൽ തന്നെ അടിയന്തര ലാൻഡിംഗ് നടത്തി. അത്യപൂർവമായ എൻജിൻ തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.