
ജി ആർ ഇന്ദുഗോപന്റെ 'ചെന്നായ' എന്ന ചെറുകഥ അടിസ്ഥാനമാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'ഉൾഫി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് യുവതാരം ഫഹദ് ഫാസിൽ. സന്തോഷ് ദാമോദരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫഹദ് പുറത്തുവിട്ടത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയായ ആശയെ കാണാൻ വരുന്ന സഞ്ജയ് പെട്ടെന്നുണ്ടായ ലോക്ക്ഡൗൺ മൂലം അവളുടെ വീട്ടിൽ കുടുങ്ങിപോകുന്നു.
തുടർന്ന് പ്രതിശ്രുത വധു തന്നിൽ നിന്നും ഒളിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം അയാൾ കണ്ടെത്തുന്നതും ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അർജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് 'ഉൾഫി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്യുന്നത് ഫയ്‌സ് സിദ്ദിക്കാണ്. എഡിറ്റിംഗ് - നൗഫൽ അബ്‌ദുള്ള, സംഗീതം - രഞ്ജിൻ രാജ്. പകൽപ്പൂരം, വാൽക്കണ്ണാടി, ലങ്ക, ഇവർ, ചന്ദ്രോത്സവം, കുരുക്ഷേത്ര, ഏപ്രിൽ ഫൂൾ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം ദാമൊർ സിനിമയുടെ ബാനറിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം എന്ന പ്രത്യേകതയും 'ഉൾഫി'നുണ്ട്. 'മൊഹേലി ഗാവ്' എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും ദാമൊർ സിനിമ പ്രൈവറ്റ് ലിമിറ്റഡ് രംഗപ്രവേശം ചെയ്തിരുന്നു.
#Wolf First Look
Posted by Fahadh Faasil on Sunday, 21 February 2021