
ആലപ്പുഴ: ഇത്തവണത്തെ കയർ കേരള മേളയിലൂടെ ലഭിച്ചത് 616.73 കോടി രൂപയുടെ ഓർഡർ. കഴിഞ്ഞവർഷത്തെ മേളയിൽ ഓർഡർ മൂല്യം 399 കോടി രൂപയായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ആയി നടന്ന ഇത്തവണത്തെ മേളയിൽ ചിലർ ആശങ്ക പറഞ്ഞെങ്കിലും വൻ വിജയമായിരുന്നുവെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന്റേത് മാത്രമായ ഓർഡറുകൾ കഴിഞ്ഞവർഷത്തെ 289 കോടി രൂപയിൽ നിന്ന് ഇക്കുറി 448.73 കോടി രൂപയായി വർദ്ധിച്ചു. 121.28 കോടി രൂപയുടെ ഓർഡർ കയർ ഭൂവസ്‌ത്രത്തിനാണ്. 116 കോടി രൂപ ആഭ്യന്തര വിപണിയിലും 211.45 കോടി രൂപ കയറ്റുമതിക്കുമാണ്. 250 കോടി രൂപയുടെ വില്പനകൂടി ഉണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു. മേള ഇന്നലെ ഔദ്യോഗികമായി സമാപിച്ചു; എന്നാൽ, പ്രദർശനം 28 വരെ തുടരും.
വിവിധ വിർച്വൽ പ്ലാറ്റ്ഫോമുകളിലായി 5.23 ലക്ഷം പേർ മേളയുടെ വിവിധ പരിപാടികളിൽ സംബന്ധിച്ചു. വിപണനത്തിനുള്ള പ്ലാറ്റ്ഫോമിൽ മാത്രം 11,471 പേർ എത്തി. ഇതിൽ 1,267 പേർ വിദേശത്തുനിന്നായിരുന്നു. 10,204 ആഭ്യന്തര വ്യാപാരികളും എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിച്ചു. കയർ ബൈൻഡർലെസ് ബോർഡുകളുടെ നിർമ്മാണത്തിനുളള പൈലറ്റ് മെഷീൻ യാഥാർത്ഥ്യമാക്കിയത് ഇത്തവണത്തെ മേളയുടെ പ്രധാന പ്രത്യേകതയാണ്. നാലു മാസത്തിനുള്ളിൽ ഇതിന്റെ ഫൈനൽ സ്‌പെസിഫിക്കേഷനുകൾ ഉണ്ടാക്കാനാകും.
നിലവിൽ 2-2 ടൈലുകൾ ആണ് ഉത്പാദിപ്പിക്കാനാകുക. അടുത്തവർഷം ആദ്യം തന്നെ ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ കയർപാർക്ക് പള്ളിപ്പുറത്തെ 15 ഏക്കറിൽ തുടങ്ങും. കയർമെഷിനറി, കയർ കോർപറേഷൻ, ഫോംമാറ്റിംഗ്സ് എന്നിവയുടെ ഫാക്ടറികൾ ഇവിടെയുണ്ടാകും. മുൻ കളക്‌ടർ എൻ. പത്മകുമാറാണ് സ്പെഷൽ ഓഫീസർ. കയർ ജിയോ ടെക്സ്റ്റൈൽ ഉപയോഗവുമായും നവീന കയർ ഉത്പന്നങ്ങളുമായും ബന്ധപ്പെട്ട് ഗവേഷണത്തെ സർക്കാർ പരാമവധി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായ് കുമാർ, തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ഫോംമാറ്റിംഗ്‌സ് ചെയർമാൻ അഡ്വ.കെ.ആർ. ഭഗീരഥൻ, കയർ യന്ത്ര നിർമ്മാണ ഫാക്‌ടറി ചെയർമാൻ കെ. പ്രസാദ്, സ്‌പെഷ്യൽ ഓഫീസർ എൻ. പത്മകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.