
രണ്ട് എം.എൽ.എമാർ കൂടി രാജിവച്ചു
പുതുച്ചേരി: പുതുച്ചേരിയിൽ ഇന്ന് വിശ്വാസ വോട്ട് നേരിടുന്ന മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ കോൺഗ്രസ് - ഡി. എം. കെ സർക്കാരിനെ വെട്ടിലാക്കി രണ്ട് എം.എൽ.എമാർ കൂടി രാജിവച്ചു. കോൺഗ്രസിന്റെ കെ.ലക്ഷ്മിനാരായണൻ, ഡി.എം.കെയുടെ വെങ്കടേശ്വൻ എന്നിവരാണ് രാജിവച്ചത്.
ഇതോടെ ഭരണമുന്നണിയുടെ അംഗബലം 11 ആയി കുറഞ്ഞു. പ്രതിപക്ഷത്തിന് 14 എം. എൽ. എമാരുണ്ട്. 33 അംഗസഭയിൽ ഏഴ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. കേവല ഭൂരിപക്ഷത്തിന് 14 പേർ വേണം.
സർക്കാരിനെ പ്രതിസന്ധിയിലാക്കി അടുത്തിടെ രാജിവയ്ക്കുന്ന ആറാമത്തെ കോൺഗ്രസ് എം.എൽ.എയാണ് ലക്ഷ്മിനാരായണൻ. മറ്റൊരു പാർട്ടി എം. എൽ. എയെ അയോഗ്യനാക്കിയിരുന്നു. ഈ ഏഴ് സീറ്റുകളാണ് ഒഴിവുള്ളത്.
നിലവിൽ കോൺഗ്രസിന്റെ അംഗബലം സ്പീക്കർ ഒഴികെ എട്ട് ആണ്. ഡി.എം.കെയുടെ രണ്ടും ഒരു സ്വതന്ത്രനും ഉൾപ്പെടെ 11 പേരാണ് ഭരണമുന്നണിയായ യു.പി.എക്കുള്ളത്.
പ്രതിപക്ഷത്ത് ആൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്, എ.ഡി.എം.കെ എന്നിവർക്ക് 11 എം.എൽ.എമാരുണ്ട്. ബി. ജെ. പിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളെ കൂടി കൂട്ടിയാൽ എൻ. ഡി. എക്ക് 14 ആകും
നോമിനേറ്റഡ് അംഗങ്ങളുടെ വോട്ട് നിർണായകം
ബി.ജെ.പി അദ്ധ്യക്ഷൻ ഉൾപ്പെടെ മൂന്ന് നോമിനേറ്റഡ് എം. എൽ. എമാർ വോട്ട് ചെയ്യുമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിന് മൂന്ന് പേരെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്നും ഇവരെ ഒരു പാർട്ടിയുടെയും അംഗങ്ങളായി കണക്കാക്കരുതെന്നുമാണു 2018ലെ സുപ്രീംകോടതി വിധി. നോമിനേറ്റഡ് അംഗങ്ങൾ വിശ്വാസ വോട്ടിൽ പങ്കെടുത്താൽ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുമെന്നാണ് കോൺഗ്രസ് വാദം. ഇതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം. ഇവർ മാറിനിന്നാൽ സഭയുടെ അംഗബലം 23 ആകും. സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാം. ടൈ വന്നാൽ സ്പീക്കർക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യാം.
പുതുച്ചേരി കക്ഷിനില
ആകെ അംഗങ്ങൾ - 33
ഒഴിവുകൾ - 7
നിലവിൽ അംഗങ്ങൾ - 26
കേവല ഭൂരിപക്ഷം - 14
നോമിനേറ്റഡ് അംഗങ്ങൾ വിട്ടുനിന്നാൽ 23
അപ്പോൾ കേവലഭൂരിപക്ഷം 12
ഭരണപക്ഷം- 12 ( സ്പീക്കർ ഉൾപ്പെടെ )
കോൺഗ്രസ് - 9
ഡി.എം.കെ - 2
സ്വതന്ത്രൻ -1
പ്രതിപക്ഷം -14
എൻ. ആർ കോൺഗ്രസ് - 7
അണ്ണാ ഡി.എം.കെ - 4
ബി.ജെ.പി - 3 (നോമിനേറ്റഡ്)