
തിരുവനന്തപുരം: ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അതിശയിപ്പിച്ചെന്നും അദ്ദേഹത്തിന് ഇതുവരെ രാഷ്ട്രീയ പശ്ചാത്തലമോ അനുഭവമോ ഇല്ലാത്തതുകൊണ്ട് കേരള രാഷ്ടീയത്തിൽ ചെലുത്താൻ കഴിയുന്ന പ്രഭാവം വളരെ ചെറുതായിരിക്കുമെന്നും തരൂർ അഭിപ്രായപ്പെട്ടു.
അൻപത്തിമൂന്നാം വയസിൽ രാഷ്ടീയത്തിലേക്ക് ഞാൻ കടന്ന്‌വന്നപ്പോൾ വളരെ താമസിച്ചു പോയതായാണ് കരുതിയത്, ഇതിന് യോഗ്യനാണോയെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെയുളളപ്പോൾ 88ാം വയസിൽ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താൻ എന്ത് പറയാനാണെന്ന് തരൂർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ചില സീറ്റുകളിലൊഴിച്ചാൽ ബി.ജെ.പി. കേരളത്തിൽ ഒരു എതിരാളിയേ അല്ല. 2016 ലെ തിരഞ്ഞെടുപ്പിൽ നേടിയ ഒരു സീറ്റ് എന്നതിനേക്കാൾ നില മെച്ചപ്പെടുത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് ബി.ജെ.പിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു താൻ ബി.ജെ.പിയിൽ ചേരുമെന്ന് ഇ. ശ്രീധരൻ പ്രഖ്യാപിക്കുന്നത്. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാൻ ബി.ജെ.പി. അധികാരത്തിൽ വരണമെന്നും ശ്രീധരൻ പറഞ്ഞിരുന്നു.