
'മെട്രോമാൻ' ഇ ശ്രീധരൻ ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമായി ഭവിക്കുമെന്ന് സ്വകാര്യ മലയാളം വാർത്താ ചാനലിന്റെ പ്രീ-പോൾ സർവേ ഫലം. ബിജെപിയിലെ ഇ ശ്രീധരന്റെ സാന്നിദ്ധ്യം പാർട്ടിക്ക് ഗുണകരമാകുമെന്ന് സർവേയിൽ പങ്കെടുത്ത 44 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 40 ശതമാനം പേർ പാർട്ടിക്ക് അത് ഗുണം ചെയ്യില്ല എന്നഭിപ്രായപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തത് 16 ശതമാനം പേർക്കാണ്. തന്നെപ്പോലെ മികച്ച പ്രതിച്ഛായ ഉള്ളയാൾ ബിജെപിയുടെ ഭാഗമാകുമ്പോൾ കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും അത് പാർട്ടിയെ ഏറെ സഹായിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ശരിവയ്ക്കുന്ന തരത്തിലാണ് 44 ശതമാനം പേർ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. പാർട്ടിയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും സൂചനകൾ വന്നിരുന്നു.
ഇ ശ്രീധരനെ മുന്നിൽ നിർത്തിക്കൊണ്ട് വികസനം ഒരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി ബിജെപി ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതായും വിവരം പുറത്തുവന്നിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ വികസനം കാര്യമായി മുന്നോട്ട് പോകുന്നില്ല എന്ന് ഇ ശ്രീധരനും വിമർശിച്ചിരുന്നു. ഈ ആരോപണത്തെയും സർക്കാരിനെതിരെ കാര്യമായി തന്നെ ഉപയോഗിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ടെന്നും സൂചനകളുണ്ട്.
അതേസമയം മറ്റൊരു മലയാള വാർത്താ ചാനൽ നടത്തിയ സർവേയിൽ കൊവിഡിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിയെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുക എൽഡിഎഫിനാണെന്നും കൂടുതൽ പേർ അഭിപ്രായപ്പെടുന്നുണ്ട്. കൊവിഡാനന്തര സാമ്പത്തിക സാഹചര്യം എൽഡിഎഫിന് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചാനലിന്റെ സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ പറയുന്നു.
അതേസമയം ഈ സാഹചര്യം യുഡിഎഫിന് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് പറയുന്നത് 35 ശതമാനം പേരാണ്. ഇക്കാര്യത്തിൽ എൻഡിഎയെ 16 ശതമാനം പേർ പിന്താങ്ങുമ്പോൾ വ്യക്തമായ ഉത്തരം പറയാൻ കഴിയാത്തവർ ഏഴു ശതമാനമാണ്. കൊവിഡ് കാലത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളും മറ്റുമാണ് ഇടതുപക്ഷത്തെ കൂടുതൽ പേർ അനുകൂലിക്കാൻ കാരണമായതെന്നാണ് അനുമാനം.