
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ രാത്രി ലെവാന്റയോട് തോറ്റപ്പോൾ വല്ലലോലിഡിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡ്.
അത്ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലെവാന്റെ വിജയം കണ്ടത്. 30-ാം മിനിട്ടിൽ ഹെർമോസയുടെ സെൽഫ് ഗോളാണ് ലെവാന്റെയ്ക്ക് ലീഡ് നൽകിയത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ജോർജ് ഡി ഫ്രൂട്ടോസ് രണ്ടാം ഗോൾ നേടി.55-ാം മിനിട്ടിൽ കാസിമെറോ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം.
23 കളികളിൽ നിന്ന് 55 പോയിന്റുമായാണ് അത്ലറ്റിക്കോ ഒന്നാമത് തുടരുന്നത്. റയലിന് 24 കളികളിൽനിന്ന് 52 പോയിന്റാണുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ 1-1ന് കാഡിസ് സമനിലയിൽ പിടിച്ചു.32-ാം മിനിട്ടിൽ മെസിയുടെ പെനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്ന ബാഴ്സയെ 89-ാം മിനിട്ടിലെ അലക്സിന്റെ പെനാൽറ്റിയിലൂടെയാണ് കാഡിസ് തളച്ചത്.23 കളികളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്സലോണ ലാലിഗ പട്ടികയിൽ മൂന്നാമതാണ്.