
മുംബയ്: സാങ്കല്‌പിക നാണയമായ ബിറ്റ്‌കോയിന്റെ വില കഴിഞ്ഞവാരാന്ത്യം എക്കാലത്തെയും ഉയരമായ 54,500 ഡോളറിലെത്തി (ഏകദേശം 40 ലക്ഷം രൂപ). ബിറ്റ്‌കോയിൻ വിപണിയുടെ മൊത്തം മൂല്യം ഒരുലക്ഷം കോടി ഡോളറിനടുത്തെത്തി. ഇത് ഏകദേശം 72 ലക്ഷം കോടി രൂപ വരും. കമ്പ്യൂട്ടർ കോഡുകളാൽ സൃഷ്‌ടിക്കപ്പെട്ട വിർച്വൽ നാണയങ്ങളാണ് ക്രിപ്‌റ്റോകറൻസികൾ. ഇവയിൽ ഏറ്റവും പ്രചാരത്തിലുള്ളതാണ് ബിറ്റ്‌കോയിൻ.
എല്ലാ ക്രിപ്‌റ്റോകറൻസികളുടെയും നിലവിലെ സംയുക്തമൂല്യം 1.7 ലക്ഷം കോടി ഡോളറാണ്. അമേരിക്കയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ചൈനയുമടക്കം ഒട്ടേറെ രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. മികച്ച നിക്ഷേപമാർഗം എന്നതിന് പുറമേ ഉത്‌പന്ന/സേവന വാങ്ങലുകൾക്കും ഇവ പ്രയോജനപ്പെടുത്താം. ഇന്ത്യയിൽ ഇവയുടെ നിരോധനം സുപ്രീംകോടതി നീക്കിയെങ്കിലും വലിയ പ്രചാരം കിട്ടിയിട്ടില്ല. വീണ്ടും നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നുമുണ്ട്.