
ആലുവ: ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. ആലുവ പട്ടേരിപ്പുറം വെമ്പിള്ളിയത്ത് വീട്ടിൽ പരേതനായ സേവ്യറിന്റെ മകൻ പ്രിൻസാണ് (30) മരിച്ചത്. അയൽവാസിയും സുഹൃത്തുമായ ചൂർണിയിൽ കുഞ്ഞുമോന്റെയും ജമീലയുടെയും മകൻ അശ്വിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ആലുവ - അങ്കമാലി റോഡിൽ ദേശം കവലയ്ക്ക് സമീപമായിരുന്നു അപകടം. പ്രമുഖ ചിത്രകാരൻ പരേതനായ എം.വി. ദേവന്റെ കൊച്ചുമകനാണ് അശ്വിൻ. അശ്വിന്റെ മാതാപിതാക്കൾ വിദേശത്താണ്.
എയർപോർട്ടിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻപോയ അശ്വിനൊപ്പം കൂട്ടുപോയതാണ് പ്രിൻസ്. മീഡിയനിലിടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ പ്രിൻസ് ദൂരേക്ക് തെറിച്ചുവീണു. ഇരുവരും ബോധരഹിതരായി. തൊട്ടുപിന്നാലെ എത്തിയ വാഹന യാത്രക്കാരൊന്നും പ്രിൻസിനെ കണ്ടില്ല. അശ്വിനെ ഉടനെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ എത്തിച്ചു. 15 മിനിറ്റിന് ശേഷമാണ് പ്രിൻസിനെ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പസമയത്തിനകം മരിച്ചു.
വിദേശത്തായിരുന്ന പ്രിൻസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ 16ന് നെഗറ്റീവായെങ്കിലും മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണ്. ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ആലുവ സെന്റ് ഡൊമിനിക്ക് ദേവാലയ സെമിത്തേരിയിൽ കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിക്കും. മാതാവ്: അൽഫോൺസ. സഹോദരൻ: ചാൾസ്.