
പുതുച്ചേരി: കോൺഗ്രസിന്റെയും ഡി.എം.കെയുടെയും എം.എൽ.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ തുലാസിലായ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി നാളെ അറിയാം. തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുന്ന കോൺഗ്രസ് സർക്കാരിന് നിർണായമാകുക പ്രതിപക്ഷത്തെ മൂന്നു എം..എൽ.എമാരാണ്. നാമനിർദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ പുതുച്ചേരി ബി.ജെ.പി അദ്ധ്യക്ഷൻ വി.സാമിനാഥൻ, കെ.ജി.ശങ്കർ, എസ്. സെൽവഗണപതി എന്നീ എം.എൽ.എമാർ വോട്ട് ചെയ്യുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ ഉത്തരവിൽ നാമനിർദേശം ചെയ്യപ്പെട്ട എം..എൽ.എമാരെ ബി.ജെ.പി എം.എൽ.എമാരായാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇതു ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് വിപ്പ് ആർ.കെ.ആർ. അനന്ദരാമൻ പറഞ്ഞു എന്നാൽ എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ സുപ്രീകോടതി അനുമതി നൽകിയെന്നാണ് ബി.ജെ.പിയുടെ വാദം. തിരഞ്ഞെടുപ്പിൽ മത്സരിച്ച് അംഗങ്ങളാവാത്തവർക്ക് വോട്ടവകാശം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു കോൺഗ്രസ് ആരോപിക്കുന്നു.
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിനു മൂന്ന് എംഎൽഎമാരെ നാമനിർദേശം ചെയ്യാമെന്നാണു 2018ലെ സുപ്രീകോടതി വിധി. എന്നാൽ ഇവരെ ബിജെപി അംഗങ്ങളായി കണക്കാക്കരുതെന്നും വിധിയിലുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന.
അതേസമയം കോൺഗ്രസിലെയും ഡി.എം.കെയിലെയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് മുതിർന്ന നേതാക്കളും കൂടിക്കാഴ്ച നടത്തുകയും തിങ്കളാഴ്ച നിയമസഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തതായിമുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. നാളെ സഭയിൽ തങ്ങളുടെ തന്ത്രം വെളിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എമാരുടെ തുടർച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സർക്കാരിനെ സഭയിൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി. അതേസമയം പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്. കോൺഗ്രസ് എം.എൽ.എ ലക്ഷ്മിനാരായണനും ഡി.എം.കെ. അംഗം വെങ്കിടേശനും ഞായറാഴ്ച രാജിസമർപ്പിച്ചിരുന്നു.