
ചാത്തന്നൂർ: മക്കളും അയൽവാസിയുമായുള്ള വഴക്കിനിടെ മകൾക്ക് പരിക്കേറ്റത് കണ്ട വൃദ്ധമാതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാത്തന്നൂർ താഴം അനിത ഭവനിൽ രഘുനാഥന്റെ ഭാര്യ വിജ്ഞാനവല്ലിയാണ് (75) മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിക്കാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: അയൽവാസിയായ രതീഷിന്റെ വീട്ടിലെ കോഴിയെ തെരുവുനായ പിടിച്ചു. നായയ്ക്ക് പിന്നാലെ ഓടിയ രതീഷ് കോഴിയെ എടുക്കാൻ പുരയിടത്തിൽ കയറിയത് വിജ്ഞാന വല്ലിയുടെ മക്കളായ അനിത കുമാരിയും ജ്യോതിലാലും എതിർത്തു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ അനിതയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇതുകണ്ട് കുഴഞ്ഞു വീണ വിജ്ഞാന വല്ലിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡി. കോളേജ് മോർച്ചറിയിൽ. രതീഷിനെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.