
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ സർവേ ഫലം. സർവേയിൽ 39 ശതമാനം പേരാണ് പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചത്. അതേസമയം 18 ശതമാനം പേരാണ് ഇക്കാര്യത്തിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ പിന്തുണച്ചത്. സർവേ പ്രകാരം അടുത്ത കേരളാ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം കോൺഗ്രസ് എംപിയായ ശശി തരൂരിനാണ്.
ഒമ്പത് ശതമാനം പേരാണ് ശശി തരൂർ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നത്. നാലാം സ്ഥാനത്തുള്ളത് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ്. സർവേയിൽ ഏഴ് ശതമാനം പേരാണ് കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നത്. മന്ത്രി ശൈലജയ്ക്കും പിന്നിലായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്ഥാനമെന്നത് ശ്രദ്ധേയമാണ്.
ആറ് ശതമാനം പേരാണ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്. പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ചെന്നിത്തലയ്ക്കുള്ളത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ പിന്തുണയാണ് സർവേയിൽ ലഭിച്ചത്. കെപിസിസി അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കും യഥാക്രമം നാലും രണ്ടും ശതമാനം പിന്തുണയാണ് സർവേയിൽ ലഭിച്ചത്.