
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി പി എസ് സി റാങ്ക് ഹോൾഡർമാർ. പത്ത് വർഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാൽ എല്ലാവർക്കും ജോലി കിട്ടുമെന്നതിൽ എന്താണ് ഉറപ്പെന്ന് മന്ത്രി ചോദിച്ചെന്നും, സമരക്കാർ സർക്കാരിനെ നാണം കെടുത്തിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് എത്രയാണെന്ന് മന്ത്രി ചോദിച്ചു. റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ല. പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചു- ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.
ഇന്ന് രാവിലെ മന്ത്രിയെ കണ്ടപ്പോഴായിരുന്നു മോശം പ്രതികരണം. 28 ദിവസം സമരം നടത്തിയിട്ടും മന്ത്രി പ്രശ്നങ്ങൾ മനസിലാക്കിയില്ല എന്നറിഞ്ഞതിൽ പ്രയാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രാവിലെ 6.45 ഓടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
സമരക്കാരുടെ ആവശ്യത്തെതുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായേക്കും.