speaker

തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും ഡോളർ കടത്തിൽ പങ്കുണ്ടെന്നുമൊക്കെ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതെല്ലാം നിഷേധിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അദ്ദേഹത്തിന്റെ വിദേശയാത്രകളുടെ എണ്ണത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ആകെ 11 വിദേശയാത്രകളാണ് നടത്തിയതെന്നാണ് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ , 21 തവണ സ്പീക്കർ ദുബായിൽ മാത്രം എത്തിയിട്ടുണ്ടെന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നത്.

2016 ൽ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗൾഫ് രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ലണ്ടൻ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും പോയിട്ടുണ്ട്. പതിനൊന്നിൽ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയിൽ നിന്ന് ചിലവാക്കിയെന്നും വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയ മറുപടിയിൽ പറയുന്നു.


അതേസമയം,ഇന്ത്യൻ കോൺസുലേറ്റ് നൽകിയ കണക്കനുസരിച്ച് സ്പീക്കർ ദുബായിൽ മാത്രം 21 തവണ എത്തിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയിൽ ഇറങ്ങിയതാണ്. നാലുതവണത്തെ യാത്രകൾക്കായി 9,05,787 രൂപ ഖജനാവിൽ നിന്നു ചെലവിട്ടിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള യാത്രകളുടെ ചിലവിനെക്കുറിച്ച് വിശദീകരണമില്ല.സ്വർണക്കടത്ത് കേസുമായി ആരോപണമുയർന്നപ്പോൾ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു എന്ന് റിപ്പോർട്ടുണ്ടായിരുന്നു.പരിശോധനയിൽ എന്തെങ്കിലും അവ്യക്തത കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല.