kerala-congress

കൊച്ചി: രണ്ടില ചിഹ്‌നം അനുവദിച്ചുകൊണ്ടുള‌ള കേസിൽ പി.ജെ ജോസഫിന് തിരിച്ചടി. ചിഹ്‌നം ജോസ് കെ മാണിയ്‌ക്ക് അനുവദിച്ചുകൊണ്ടുള‌ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ശരിവച്ചു. മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ചും കമ്മീഷൻ തീരുമാനത്തെ അംഗീകരിച്ചിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇത് തള‌ളിയ കോടതി ചിഹ്‌നം ജോസ് കെ മാണിയ്‌ക്ക് അനുവദിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജിയാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ചത്.

സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായ രീതിയിൽ പരിശോധിക്കാതെയും അധികാര പരിധി മറികടന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെന്ന് ജോസഫ് വിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം തള‌ളിയ കോടതി ചിഹ്നം ജോസിന് അനുവദിച്ചുള‌ള ഉത്തരവ് ശരിവയ്‌ക്കുകയായിരുന്നു.