gun

ചാലക്കുടി: തുമ്പൂർമുഴിക്കാരൻ ബിജുവിന്റെ കൈയിലെ തോക്ക് ശബ്ദിച്ച് തുടങ്ങിയാൽ അതിക്രമിച്ച് കയറിയവരെല്ലാം കിടുങ്ങും. ജീവനും കൊണ്ട് സ്ഥലം കാലിയാക്കും. പക്ഷേ ഉണ്ടയില്ലാ, തോക്ക് ശബ്ദിച്ചാൽ ശബ്ദം മാത്രമേ വരൂ. അതിക്രമിച്ചു കയറുന്നവർ ആനയും വന്യമൃഗങ്ങളും ആയതിനാൽ ഈ കളിത്തോക്ക് തന്നെ ധാരാളമെന്ന് ബിജു പറയും. അവയെ തുരത്തുന്നതിന് തൊട്ടടുത്ത കാർഷിക സർവ്വകലാശാല വിത്തുൽപ്പാദന കേന്ദ്രത്തിലെ തൊഴിലാളിയായ ബിജു കണ്ടെത്തിയ മാർഗ്ഗമാണ് കാർബൈഡ് ഗൺ.

ഇതിന്റെ വെടിയൊച്ച കേട്ടാൽ ക്രുദ്ധരായി വരുന്ന മൃഗങ്ങൾ പോലും തിരിഞ്ഞോടും. കാതടപ്പിക്കുന്ന ശബ്ദമാണ് ഇതിൽനിന്നും പുറത്ത് വരിക. മൂന്ന് തരത്തിൽ പി.വി.സി പൈപ്പുകൾ ഘടിപ്പിക്കുമ്പോൾ ബിജുവിന്റെ കൈയിലെ തോക്കായി. പിൻഭാഗത്തെ അടപ്പു തുറന്നു അതിൽ അൽപ്പം കാർബൈഡും വെള്ളവും നിറച്ചശേഷം ഇത് പഴയപടിയാക്കും. തുടർന്ന് മറ്റൊരു ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന ഗ്യാസ് അടുപ്പിന്റെ ലൈറ്റർ അമർത്തുന്നതോടെ വലിയ ഗുണ്ടു പൊട്ടുന്നതിനേക്കാൾ ശബ്ദമാണ് പുറത്തു വരിക. മൃഗശല്യം രൂക്ഷമായപ്പോൾ വനപാലകരാണ് വന പ്രദേശത്ത് ഒറ്റപ്പെട്ടു താമസിക്കുന്ന മഴുവങ്ങാടൻ ബിജുവിനോട് പി.വി.സി പൈപ്പ് തോക്കു വിദ്യ ഉപദേശിച്ചത്. ഇയാൾ നിർമ്മിച്ചു നൽകിയ തോക്കുകൾ ഇപ്പോൾ തുമ്പൂർമുഴിയിലെ പല വീടുകളിലുമുണ്ട്.

ഏതാനും ആഴ്ചകളായി ചാട്ടുക്കല്ലുത്തറയിൽ മൃഗശല്യം വ്യാപകമാണ്. ബിജുവിന്റെ വീടിനും ചുറ്റും ആനകൾ വട്ടം കറങ്ങുന്നുണ്ട്. നേരം ഇരുട്ടുന്നതോടെ മാനുകളും മ്ലാവുകളുമെത്തും. പകൽനേരങ്ങളിൽ കുരങ്ങുകളും ഇവരുടെ ശത്രുക്കളാണ്. പൊറുതി മുട്ടിയപ്പോഴാണ് നാൽപ്പത്തിയെട്ടുകാരനായ ബിജു കൃത്രിമ തോക്കുപയോഗിക്കാൻ തുടങ്ങിയത്.