
കാസർകോട്: കേരള അതിർത്തിയിലെ റോഡുകൾ കർണാടക അടച്ചുവെന്നത് വെറും പ്രചാരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. റോഡുകൾ അങ്ങനെയൊന്നും കൊട്ടിയടക്കാൻ പോകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന് യാത്രാ സൗകര്യം ലഭിക്കുന്നതിനുളള ഇടപെടലുകൾ ഉണ്ടാകുമെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
'എല്ലാ സംസ്ഥാനങ്ങളും നോക്കുന്നത് അവരുടെ സുരക്ഷയായിരിക്കും. രാജ്യത്തെ കൊവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതിൽ കൂടുതൽ കേരളത്തിലാണ്. കേരളം നമ്പർ 1 ആണ്, കൊവിഡിനെ പിടിച്ചുകെട്ടി എന്നൊക്കെയാണല്ലോ പറയുന്നത്. 24 കോടി ജനങ്ങളുളള ഉത്തർപ്രദേശിൽ 2000 കേസുകൾ പോലുമില്ല. എന്നാൽ മൂന്നുകോടി ജനങ്ങളുളള കേരളത്തിൽ പതിനായിരക്കണക്കിന് കേസുകൾ വരുന്നു. കോവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടു'- സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ അഴിമതി സംസ്കാരം ശക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 'തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും യഥാർത്ഥ സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്താൻ തയ്യാറാകണം. കേരളത്തിലെ സ്പീക്കർ 21 തവണ ദുബായിൽ പോയെന്നാണ് വിവരാവകാശ രേഖ പറയുന്നത്. അദ്ദേഹം കേരളത്തിന്റെ സ്പീക്കറാണോ ജി സി സി രാജ്യങ്ങളുടെ സ്പീക്കറാണോ? എന്താണ് അദ്ദേഹത്തിന് അവിടെ ബിസിനസ്?- സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അതിർത്തകൾ അടച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ ഇനിമുതൽ അതിർത്തികടക്കാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തശേഷമാണ് കടത്തിവിടുന്നത്. ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണമില്ല.