
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കെല്ലാം സുപരിചിതമായ വാക്കാണ് 'ഒറക്കിൾ." ഡാറ്റാ ബേസ് മാനേജ്മെന്റിനുള്ള ഈ സോഫ്റ്റ് വെയർ, ഇൻഫർമേഷൻ ടെക്നോളജിയിൽ വലി വിപ്ലവമാണ് സൃഷ്ടിച്ചത്. 1977 ൽ അമേരിക്കയിലെ CIAയ്ക്കുവേണ്ടി നിർമ്മിച്ച ഒരു സോഫ്ട് വെയർ ആയിരുന്നു ഒറക്കിൾ. 33-ാമത്തെ വയസിൽ ലാരി എലിസൻ എന്ന ചെറുപ്പക്കാരൻ രൂപകല്പനചെയ്ത ആ പ്രോഗ്രാം പിന്നീട് ആ പേരിൽതന്നെ കമ്പനിയായി മാറി. അതെ! ലോകപ്രശസ്തമായ ഒറക്കിൾ കമ്പനി ' ഒറക്കിൾ കോർപ്പറേഷൻ"! ലാരി എലിസണും ബോബ് മൈനറും ചേർന്ന് സ്ഥാപിച്ച ആ സോഫ്ട് വെയർ കമ്പനി ലോകത്തിലെ ഏറ്റവും വലിയ സോഫ്ട് വെയർ സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
പക്ഷേ, ഒറക്കിൾ കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുമുമ്പ് ഈ മനുഷ്യന് ഒരു ഭൂതകാലമുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും പരാജയങ്ങളുടെയും കാലം. അനാഥത്വത്തിന്റെ ഉത്കണ്ഠകളുടെ കാലം. അവന്റെ ബാല്യം രോഗപീഢകളുടേതായിരുന്നു. 19 വയസുള്ള അവിവാഹിതയായ ഒരു സ്ത്രീയുടെ മകനായി പിറന്നു വീണപ്പോൾതന്നെ ദുരിതങ്ങളും അപമാനവും ലാരിയുടെ കൂട്ടിനെത്തി. 9 മാസം പ്രായമുള്ള ലാരി അങ്ങനെ ഉപേക്ഷിക്കപ്പെട്ടു. ലാരിയുടെ ഒരു അങ്കിളും ആന്റിയുമാണ് അവനെ പിന്നീട് വളർത്തിയത്. കൗമാരകാലത്തുമാത്രമാണ് താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്ന് ലാരി അറിയുന്നത്.
ക്ലാസിൽ വഴക്കാളിയും വിചിത്രസ്വഭാവക്കാരനുമായിരുന്ന ലാരിയ്ക്ക് അടുത്ത സുഹൃത്തുക്കൾ പോലുമില്ലായിരുന്നു. തന്റെ രക്ഷിതാവിനോടു പോലും അവൻ വഴക്കിട്ടുകൊണ്ടിരുന്നു. അവനെ വളർത്തിയ ആന്റി പെട്ടെന്ന് മരണമടഞ്ഞത് ലാരിയ്ക്ക് വലിയ ആഘാതമായി. രണ്ടാം വർഷം കോളേജിൽ പഠിക്കുമ്പോഴാണ് ആ വിയോഗം. അങ്ങനെ ലാരിയുടെ പഠനം മുടങ്ങി. പിന്നീട് ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാതെ പഠനം പൂർത്തിയാക്കാത്ത ആ യുവാവ് അലഞ്ഞുതിരിഞ്ഞു.
വളരെ യാദൃശ്ചികമായാണ് കമ്പ്യൂട്ടർ പ്രോഗ്രാമിൽ അവന് താത്പര്യം തോന്നിയത്. അത് ക്രമേണ അഭിനിവേശമായി മാറി. അങ്ങനെ കൂടുതൽ അവസരങ്ങൾ തേടി അവൻ കാലിഫോർണിയയിലേക്ക് പോയി. ചെറിയ ജോലികൾ ചെയ്തു കിട്ടിയ പണം കൊണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ പുസ്തകങ്ങൾ വാങ്ങി ആർത്തിയോടെ വായിക്കാൻ തുടങ്ങി.
വർഷങ്ങൾ നീണ്ട സ്വയം പഠനത്തിലൂടെ ലാരി കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ അഗ്രഗണ്യനായിതീർന്നു. അങ്ങനെ 33-ാം വയസിൽ ആംപെക്സ് കോർപ്പറേഷൻ എന്ന കമ്പനിയിൽ അയാൾ കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോലിക്ക് ചേർന്നു. അവിടെ വച്ചാണ് അമേരിക്കയിലെ CIA യ്ക്കു വേണ്ടി ഒരു ഡാറ്റാ ബേസ് വികസിപ്പിക്കുന്ന ദൗത്യം. ലാരിയെ തേടിയെത്തിയത്. അതായിരുന്നു ഓറക്കിൾ. പിന്നീട് ബോബ് മൈനർ എന്ന സമാനമനസ്കനെ കണ്ടെത്തുകയും അവർ ഇരുവരും ചേർന്ന് സോഫ്ട് വെയർ ഡവലപ്മെന്റ് ലാബ്സ് എന്നൊരു കമ്പനി രൂപീകരിക്കുകയും ചെയ്തു. ഈ കമ്പനി കുറേയധികം പേരുകൾ മാറി മാറി പരീക്ഷിച്ചു. ഒടുവിൽ അത് ഓറക്കിൾ എന്ന സ്ഥിരനാമധേയത്തിൽ അറിയപ്പെട്ടു.
2019 ൽ ലാരിയുടെ സമ്പത്ത് എത്രയാണെന്നറിയാമോ? 64000 കോടി ഡോളർ! ലോകത്തിലെ ഏറ്റവും വലിയ 5 സമ്പന്നരുടെ പട്ടികയിൽ ലാരി പലതവണ ഇടം പിടിച്ചു.
ലാരി നമുക്ക് ഒരു പാഠം പറഞ്ഞുതരുന്നുണ്ട്. ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോയവർക്ക് പ്രചോദനമാണ്. ഏതെങ്കിലും ഒരുവിഷയത്തോട് അടക്കാനാവാത്ത അഭിനിവേശം ഉണ്ടെങ്കിൽ വിദ്യാഭ്യാസമോ, സമ്പത്തോ, അനാരോഗ്യമോ, ജീവിതസാഹചര്യങ്ങളോ ആ വിഷയത്തിൽ അഗ്രസ്ഥാനത്ത് എത്താൻ തടസമല്ല എന്ന പാഠമാണ് ലാര നൽകുന്നത്.
നല്ല രീതിയിൽ ആശയവിനിമയം നടത്താനും ക്രിയാത്മകമായി ചിന്തിക്കാനും തങ്ങളുടെ സ്വപ്നത്തെ മറ്റുള്ളവരുടെ സ്വപ്നം കൂടിയായി മാറ്റിതീർക്കാനും കഴിവുള്ളവർ ജീവിതത്തിൽ ഉന്നതവിജയം കൈവരിക്കുമെന്ന് ലാരിയുടെ ജീവിതം നമ്മോട് വീണ്ടും വീണ്ടും പറയുന്നു. പക്ഷേ അതിനായി അയാൾക്ക് ഒരു അപൂർവ സിദ്ധിയുണ്ടായിരുന്നു. നിശ്ചയദാർഢ്യം. അതെ! നമുക്ക് അത് ശീലിക്കാവുന്നതേയുള്ളൂ!