
ഉഷ്ണമേഖലാ പ്രദേശത്ത് കൃഷി ചെയ്യാൻ പറ്റിയ വിളയാണ് വാനില. നീർവാർച്ചയുള്ളയിടങ്ങളിലെ വാനിലകൃഷി വേഗത്തിൽ ചുവട് ചീയുന്നതിന് കാരണമാകും. വാനിലയുടെ വള്ളി മുറിച്ചോ തൈകൾ മുളപ്പിച്ചെടുത്തതോ വേണം നടാനായി തിരഞ്ഞെടുക്കേണ്ടത്. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നന്നായിളക്കി വേണം നടാനുദ്ദേശിക്കുന്ന തണ്ടിന്റെ ചുവട് ഭാഗം കുഴിച്ച് വയ്ക്കാൻ. മൂന്ന് സെന്റിമീറ്റർ കനത്തിൽ ഇതിന്റെ മുകളിൽ നനഞ്ഞ മണ്ണ് വിതറണം. വള്ളികൾ നീളം വച്ചു തുടങ്ങുമ്പോൾ താങ്ങുകാലിനോട് ചേർത്ത് കെട്ടി വയ്ക്കാം. വാനിലയുടെ തണ്ടുകൾ വേര് പിടിച്ച് കിട്ടാൻ കുറച്ച് കാലതാമസമുണ്ടാകും. അതീവശ്രദ്ധയോടെ വേണം പരിചരണം. വർഷത്തിൽ മൂന്ന് തവണയെങ്കിലും പുതയിടുന്നത് നല്ലതാണ്. വാനിലയുടെ ചുവട്ടിൽ നിന്നും അല്പം മാറി വേണം പുതയിടാൻ. മൂന്ന് വർഷമാകുമ്പോൾ വാനിലയിൽ പൂവിടും. വാനിലയിൽ സ്വയമേ പരാഗണം നടക്കില്ല. ഓരോ പൂവ് വീതം കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം. ശരിയായി പരാഗണം നടക്കാത്ത പൂക്കൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൊഴിഞ്ഞുപോകും. പരാഗണം നടത്തുമ്പോൾ കായയായി വളർന്ന് വരേണ്ടുന്ന ഭാഗത്ത് പോറലുകൾ വീഴാതെ ശ്രദ്ധിക്കണം. മഴയുള്ള ദിവസമാണെങ്കിൽ മഴ കഴിഞ്ഞു വേണം പരാഗണം ചെയ്യുവാൻ. ഏകദേശം പതിനൊന്ന് മാസമായാൽ വിളവെടുപ്പ് നടത്താം. ഇടവിളയായി കൃഷി ചെയ്യാവുന്നതാണ് വാനില. കീടബാധയിലും ശ്രദ്ധ ചെലുത്തണം. കമ്പോസ്റ്റുകൾ, കാലിവളം, പച്ചില, ബയോഗ്യാസ് സ്ലറി, വിവിധ പിണ്ണാക്കുകൾ, എല്ലുപൊടി എന്നിവയാണ് ഉത്തമം. കടലപ്പിണ്ണാക്ക് കുതിർത്തതും ചാണകവും ചേർത്ത് ലായനി നേർപ്പിച്ച് മാസത്തിലൊരിക്കൽ ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നത് വാനിലയുടെ വളർച്ച വേഗത്തിലാക്കും. വേനൽക്കാലത്ത് ചെറിയ നന നൽകാനും ശ്രദ്ധിക്കണം.