
ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാനാകാതെ പുതുച്ചേരിയിൽ വി.നാരായണസ്വാമി സർക്കാർ നിലംപൊത്തി. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായെന്ന് സ്‌പീക്കർ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് നാരായണസ്വാമിയും കോൺഗ്രസ് അംഗങ്ങളും സഭ ബഹിഷ്‌കരിച്ചു. അദ്ദേഹം രാജി സമർപ്പിക്കാൻ ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജനെ കാണാൻ പുറപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്‌പീക്കർ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായെന്ന് അറിയിച്ചത്.
ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് ഞായറാഴ്‌ച രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നു. ഇതോടെ നാരായണസ്വാമിയിൽ അവിശ്വാസം പ്രഖ്യാപിച്ച ഭരണപക്ഷ അംഗങ്ങളുടെ എണ്ണം ആറായിരുന്നു. അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ എംഎൽഎയുമാണ് രാജിവച്ചത്. അതേസമയം സംസ്ഥാനത്ത് സർക്കാർ ഏറ്റവും മികച്ച ഭരണമാണ് കാഴ്‌ച വച്ചതെന്നും എംഎൽഎമാരെ ബിജെപി പണം കൊടുത്ത് വാങ്ങിയെന്നും നാരായണസ്വാമി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. 12 അംഗങ്ങളുടെ പിന്തുണ മാത്രമാണ് സർക്കാരിന് ഉണ്ടായിരുന്നത്.