gang-rape

ഭോപ്പാൽ: പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബി ജെ പി പ്രവർത്തനുൾപ്പടെ നാല് പേർക്കെതിരെ കേസ്. മദ്ധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലാണ് സംഭവം. പ്രതിയായ ബി ജെ പി പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.


ഫെബ്രുവരി പതിനെട്ടിനാണ് പെൺകുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം കുടുംബം പൊലീസിൽ പരാതി നൽകി.പെൺകുട്ടിയെ ഒരു ചുവന്ന കാറിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗഡഘട്ട് പ്രദേശത്തെ ഒരു ഫാം ഹൗസിലേക്കാണ് പ്രതികൾ കൊണ്ടുപോയത്. ബലമായി മദ്യം കുടിപ്പിച്ചതായും 18,19 തീയതികളിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പൊലീസ് പറഞ്ഞു.


ഫെബ്രുവരി 21ന് പ്രതികൾ പെൺകുട്ടിയെ വീടിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് കുടുംബം പൊലീസിനെ സമീപിച്ച് ബി ജെ പി പ്രവർത്തകൻ വിജയ് ത്രിപാഠിയ ഉൾപ്പടെയുള്ള നാല് പേർക്കെതിരെ പരാതി നൽകുകയായിരുന്നു. രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് മറ്റ് മൂന്ന് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് അതേ കാറിൽ തന്നെ ഇവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.