
വീണ്ടും ഒരു മാർച്ച് മാസം വന്നണയുകയാണ്. കൂടെ പതിവിലും കൂടുതൽ കുറേ ആശങ്കകളും. ഒരു വലിയ മഹാമാരി ലോകം കീഴടക്കിയതിന് പിന്നാലെ ഉള്ള ഈ പരീക്ഷാ കാലം രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹവും വളരെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. സാധാരണ അധ്യയന ദിനങ്ങൾ ഒന്നുമില്ലാതെ തീർത്തും പുതിയൊരു സാങ്കേതിക സംവിധാനത്തിലൂടെയുള്ള പഠനവും അതിന് ശേഷമുള്ള പരീക്ഷയും പൊതുവിദ്യാഭ്യാസസംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. മുപ്പതുശതമാനം കുട്ടികൾ മാത്രമാണ് ഈ കാലയളവിൽ കാര്യമായ പഠനം നടത്തിയിട്ടുള്ളതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ടു മാസക്കാലമായി പത്താം ക്ളാസിനും പ്ലസ്‌ടുവിനും നേരിട്ടുള്ള അദ്ധ്യയനം സംഘടിപ്പിച്ചത് കുട്ടികൾക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്.
പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. മറ്റ് പരീക്ഷകളിൽ നിന്നും വ്യത്യസ്‌തമായി നടത്തിപ്പിൽ ചില പ്രത്യേകതകൾ ഉണ്ടെന്നൊഴിച്ചാൽ പൊതുപരീക്ഷകളിൽ എന്താണ് ഭയക്കാനുള്ളത്? ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ നമ്മുടെ പൂർവികരും നമ്മളുൾപ്പെടെയുള്ളവരും കുട്ടികളിൽ ഇങ്ങനെയൊരു ഭയാശങ്ക വളർത്തികൊണ്ടുവന്നതല്ലേ? നമ്മുടെയൊക്കെ ചെറുപ്പത്തിൽ തന്നെ പത്താം ക്ലാസ് പരീക്ഷയും പ്ലസ്ടു പരീക്ഷയും ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾ കടന്നു കൂടുവാൻ പ്രയാസമാണ്. ഇത് ഏതോ വലിയ കടമ്പയാണ് എന്നുള്ള തരത്തിൽ നമ്മുടെ ഉപബോധമനസിൽ വ്യക്തമായ ഭാഷയിൽ കോറിയിട്ട അക്ഷരങ്ങൾ ഇപ്പോഴും മായാതെ കിടക്കുന്നതുകൊണ്ടാണ് ഇത്തരം ഭയാശങ്കകൾ നമ്മളെ പിന്തുടരുന്നത്. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരിവിദ്യാഭ്യാസത്തിന് പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്തുവാൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നു നൽകുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത് . അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പരീക്ഷകളിൽ കുട്ടികൾക്കായി ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
പരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രം താഴെ സൂചിപ്പിക്കുന്നു.
പരീക്ഷക്ക് മുൻപ് ശ്രദ്ധിക്കേണ്ടത്
*കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുവാൻ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഓർക്കുക അശ്രദ്ധ മൂലം അസുഖം പിടിപെട്ടാൽ ഒരു പക്ഷേ പരീക്ഷ എഴുതുവാനുള്ള അവസരമാണ് നഷ്‌ടപ്പെടുക.
*സാനിറ്റൈസറും മാസ്‌കും കൂടെ കരുതുക.
*നിർബന്ധമായും വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
* പഠനത്തിലും സമയക്രമത്തിലും പഠന മേശയിലും അടുക്കും ചിട്ടയും പാലിക്കുക.
* മടി ഒഴിവാക്കാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക
*പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക
*പതിവിൽ കൂടുതൽ സമയം ഉറക്കം ഒഴിക്കുന്നത് ഒഴിവാക്കുക
*പരീക്ഷയിൽ നല്ല വിജയം നേടുന്ന രംഗം മനസിൽ എപ്പോഴും കാണുക.
*മാതൃക ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക
*ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റു സമയം ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
*ഈ കാലയളവിൽ പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
*മൊബൈലിൽ നിന്നും ടി വി യിൽ നിന്നും പൂർണമായും ഒഴിഞ്ഞു നിൽക്കുക
*മറവി ഒഴിവാക്കുവാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ച് നോക്കുക. (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക )
* ശാരീരികവും മാനസികപരവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
*ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കുന്നതിനേക്കാൾ നല്ലത് പഠിച്ച ഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കുന്നതാകും.
*അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റ് പഠനസഹായികളോ ഉപയോഗിക്കരുത്.
*പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വയ്‌ക്കാതിരിക്കുക.
*അദ്ധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
*ഈ സമയങ്ങളിൽ, കൂട്ടുകാരുമായി 'എന്തൊക്കെ പഠിച്ചു ഏതുവരെ പഠിച്ചു" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
പരീക്ഷാസമയം ശ്രദ്ധിക്കേണ്ടത്.
*എന്നും എഴുനേൽക്കുന്ന സമയത്ത് എഴുനേൽക്കുക
*പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് സ്‌കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ )
*കൂട്ടുകാരുമായിട്ടുള്ള താരതമ്യ പഠനം, ചർച്ച ഇവ ഒഴിവാക്കുക.
*ആദ്യ ബെല്ലിന് പത്ത് മിനിറ്റ് മുമ്പേ ഠപുസ്തകം അടച്ചുവയ്‌ക്കുക
*ഉത്സവാഘോഷ വേളകളിൽ നമുക്ക് ഉണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുക.
*അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
*പരീക്ഷക്ക് മുമ്പ് ലഭിക്കുന്ന പതിനഞ്ച് മിനിറ്റും പ്രയോജപ്പെടുത്തുക. അതിനായി
ചോദ്യപ്പേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
*ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് നമ്പരിടുക .
*ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരുന്നു )
*ആദ്യ പേജിൽ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
*പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
*അവസാന പരീക്ഷ കഴിയുന്നവരെ ഒരു കാരണവശാലും കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ 'പോസ്റ്റ്മാർട്ടം ' നടത്താതിരിക്കുക.
(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ, ഫോൺ: 9496241070)