trump-kim

സിയൂൾ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോഗ് ഉനിന് തന്റെ ഔദ്യോഗിക യാത്രാവിമാനത്തിൽ ഉത്തര കൊറിയയിലേക്ക് തിരികെ യാത്രാ വാഗ്‌ദാനം ചെയ്‌തെന്ന് വിവരം. ബിബിസി ട്രംപിനെ കുറിച്ച് തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലാണ് 2019ൽ വിയ‌റ്റ്‌നാമിലെ ഹാനോയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തശേഷം കിമ്മിന് ട്രംപ് തന്റെ എയർഫോഴ്‌സ് വൺ വിമാനത്തിൽ യാത്ര വാ‌ഗ്‌ദാനം ചെയ്‌തതെന്ന വിവരം പുറത്തുവിട്ടത്.

കിമ്മും ട്രംപും ഹാനോയിലെ ഉച്ചകോടിയ്‌ക്ക് മുൻപ് പരസ്‌പരം ശക്തമായ വാക്‌പോര് നടത്തിയിരുന്നു. ഇവർ തമ്മിൽ കൂടിക്കാഴ്‌ചകൾ നടന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഹാനോയിലും ഇരുവരും തമ്മിലെ ചർച്ചയിൽ ഫലമൊന്നുമുണ്ടായില്ല. എന്നാൽ ഇതിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള‌ള ട്രംപിന്റെ വാഗ്‌ദാനം കേട്ട കിം അത്ഭുതപ്പെട്ടുപോയെന്നും ഡോക്യുമെന്ററിയിലുണ്ട്. 'ട്രംപ് ടേക്‌സ് ഓൺ ദി വേൾഡ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

എന്നാൽ ട്രംപിന്റെ വാഗ്‌ദാനം കിം സ്വീകരിച്ചില്ല. വാഗ്‌ദാനം സ്വീകരിച്ചിരുന്നെങ്കിൽ അമേരിക്കയുടെ വാഹനം ഉത്തര കൊറിയയിൽ പ്രവേശിക്കുന്നതുമൂലം അമേരിക്കയ്‌ക്കും വിമാനം കടത്തിവിടുന്നതിനെ ചൊല്ലി ഉത്തരകൊറിയയിലും അതാത് രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രശ്‌നങ്ങളുണ്ടാകുമായിരുന്നു. ഒന്നിലധികം ദിവസത്തെ സമയമെടുത്താണ് ചൈന വഴി തന്റെ ട്രെയിനിൽ കിം ഹാനോയിലെത്തിയത്. ഈ വിവരം ട്രംപിനറിയാമായിരുന്നു.

2018ൽ ട്രംപുമായുള‌ള ആദ്യ കൂടിക്കാഴ്‌ച്ചയ്‌ക്ക് എയർ ചൈനയുടെ വിമാനത്തിലാണ് കിം എത്തിയത്. സിംഗപ്പൂരിൽ വച്ച് ഉച്ചകോടിക്കായി ഇരു നേതാക്കളും സന്ധിച്ചപ്പോൾ തന്റെ 'ബീസ്‌റ്റ്' എന്ന ക‌ാടിലാക്ക് കാറിൽ കിമ്മിനൊപ്പം ട്രംപ് സഞ്ചരിച്ചിരുന്നു.