
തിരുവനന്തപുരം: ഗതാഗതക്കുരുക്കിന്റെ പേരിൽ പൊലീസും ദേശീയപാത അതോറിട്ടിയും പോരടിച്ചതോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം നിലച്ചു. നിർമ്മാണത്തിന്റെ ഭാഗമായി അടുത്തിടെ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ പൊലീസ് ദേശീയപാത അതോറിട്ടിയുടെ തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ നിർമ്മാണത്തിനുള്ള വാഹനങ്ങളും മറ്റും പൊലീസ് പിടിച്ചെടുക്കുകയും പെറ്റി കേസുകൾ ചുമത്തുകയും ചെയ്തു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി നോട്ടീസ് നൽകിയിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മതിലും സമീപത്തെ കെട്ടിടങ്ങളും പൊളിക്കേണ്ടതിന്റെ ആവശ്യകത നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പൊലീസ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ മതിൽ പൊളിക്കുക തന്നെ ചെയ്യുമെന്ന് ദേശീപാതാ അതോറിട്ടി നിലപാടെടുത്തു. ഇതോടെയാണ് പദ്ധതി നടത്തിപ്പുകാരായ ആർ.ഡി.എസ് കമ്പനിയുടെ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു. ഇതേതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയ നിലയിലാണ്. അതേസമയം, പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസത്തോളം നിർമ്മാണം മുടങ്ങിയിരുന്നു.
സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ ഫ്ളൈഒാവർ ആയ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒക്ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരിയിലാണ് ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെ 2.72 കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചത്. ആർ.ഡി.എസ് - സി.വി.സി.സി കമ്പനികൾക്കാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല.
 ഹൈവേ ഇങ്ങനെ
35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലും നിർമ്മിക്കുന്ന 60 സ്‌പാനുകളിൽ (തൂണുകളിൽ ) നാലുവരിപ്പാതയായാണ് 2.72 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നിർമ്മാണം. 45 മീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെയും താഴത്തെ റോഡിന്റെയും വീതി. ഫേസ് ത്രീ മുതൽ കഴക്കൂട്ടം ജംഗ്‌ഷൻ വരെയുള്ള 1.40 കിലോമീറ്റർ ഒന്നാംഘട്ടവും കഴക്കൂട്ടം ജംഗ്‌ഷൻ മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെയുള്ള 1.32 കിലോമീറ്റർ രണ്ടാം ഘട്ടവും എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നാല് വർഷം മുമ്പ് നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. പാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന പദ്ധതി, കഴക്കൂട്ടം - മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണോദ്ഘാടന സമയത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.
നിലവിലെ റോഡിന്റെ ഇരുഭാഗത്തും ഒറ്റ റെയിൽപ്പാളം സ്ഥാപിച്ച് 50 ടൺ വീതം ശേഷിയുള്ള രണ്ട് പാർട്ടുള്ള ക്രെയിൻ കൂറ്റൻ ജനറേറ്ററുകളുടെ സഹായത്തോടെ റെയിൽ പാളത്തിൽ സഞ്ചരിച്ചാണ് 70 ടൺ വരുന്ന ഓരോ ഡക്ക് സ്ളാബും സ്‌പാനുകൾക്ക് മുകളിൽ സ്ഥാപിക്കുന്നത്. ഫേസ് ത്രീ മുതൽ ടെക്നോപാർക്ക് വരെ ക്രെയിനിന്റെ റെയിലുകൾ സ്ഥാപിച്ചിട്ടുണ്ട്. ജംഗ്‌ഷനിലേക്ക് റെയിൽ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. നിർമ്മാണത്തിനാവശ്യമായ ഭാരമുള്ളതെല്ലാം എത്തിക്കുന്നത് ഈ ക്രെയിനിന്റെ സഹായത്തോടെയാണ്.
 ആകെ ചെലവ് 200 കോടി
 എലിവേറ്റഡ് ഹൈവേക്ക് ആകെ 79 തൂണുകൾ
 52 സ്‌പാനുകളുടെ നിർമ്മാണം പൂർത്തിയായി
 തൂണുകൾ തമ്മിലുള്ള അകലം 25 - 30 മീറ്റർ
 നാലുവരിപ്പാതയിലെ ഓരോ വരിയുടെയും വീതി 9.5 മീറ്റർ, സർവീസ് റോഡ് പണിയും സജീവം.