
ജർമ്മനിയിലെ എക്കൻഫോഡിലുള്ള ചിത്രകാരിയാണ് ജെസിൻ മാർവെഡൽ. മനുഷ്യരുടെ നഗ്നമായ ശരീരമാണ് ജെസിന്റെ കാൻവാസ്. തന്റെ മോഡലുകളുടെ നഗ്നശരീരം ചായങ്ങൾ ചേർത്ത് അരയന്നമാക്കാനും പക്ഷിയാക്കാനും അവർക്ക് അപാര കഴിവാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഇമേജുകളാണവ. മനുഷ്യ ശരീരത്തിനെ കലയുടെ കാണാപ്പുറങ്ങളിലേയ്ക്ക് നയിക്കാൻ കഴിവുള്ള ഒരു ബോഡി പെയിന്റിംഗ് ആർട്ടിസ്റ്റാണ് ജെസിൻ മാർവെഡൽ.
യൂണിവേഴ്സിറ്റിയിൽ പുനരധിവാസ ശാസ്ത്രം പഠിച്ച മാർവെഡൽ, പെയിന്റിംഗ്, സംഗീതം തുടങ്ങിയ ക്രിയേറ്റീവ് ചികിത്സയിലൂടെ രോഗികളായ കുട്ടികളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ബോഡിപെയിന്റിംഗിന്റെ ചികിത്സാ ഗുണങ്ങളെക്കുറിച്ച് ഒരു പുസ്തകവും അവർ രചിച്ചിട്ടുണ്ട്. മാർവെഡലിന് സാധാരണയായി ഒരു ബോഡി പെയിന്റിംഗ് വർക്ക് പൂർത്തിയാക്കാൻ നാല് മുതൽ ഏഴ് മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ, സങ്കീർണ്ണമായ ചില പ്രോജക്ടുകൾക്ക് പരമാവധി 12 മണിക്കൂർ വരെ സമയമെടുക്കാറുണ്ട്.
ബോഡിപെയിന്റിംഗ് കൂടാതെ, അവർ ഹെന്ന പെയ്ന്റിംഗ്, വാൾപെയിന്റിംഗ്, കാൻവാസ് പെയിന്റിംഗുകൾ എന്നിവയും ചെയ്യുന്നു. റിയലിസ്റ്റിക് അല്ലെങ്കിൽ സർറിയലിസ്റ്റിക് സ്റ്റൈലിലാണ് ചിത്രങ്ങൾ പകർത്തുന്നത്. മരത്തിന്റെ എണ്ണയും പാസ്റ്റൽ, ചോക്ക്, അക്രിലിക് പെയിന്റുകൾ, പെൻസിലുകൾ പോലുള്ള വ്യത്യസ്ത നിറങ്ങളുപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കൂടാതെ ബോഡി പെയിന്റിംഗിനായി യൂഡെർമിക് നിറങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ചിത്രകലയിൽ മാത്രമല്ല ജെസിൻ കഴിവ് തെളിയിച്ചത്. സൽസ നൃത്തത്തിലും പിയാനോ വായനയിലും വയലൻസെല്ലോ വായനയിലും അവർ വിദഗ്ദ്ധയാണ്.