kurien-mukesh

കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ വലിയൊരു ആരാധകനാണ് താൻ എന്ന് നടൻ മുകേഷ്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെ ഒരു വേദിയാണ് അതിന് കാരണമായതെന്നും, അന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പിജെ കുര്യന്റെ വാക്കുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകൾ-

'എം എ ബേബി ക്ഷണിച്ചിട്ട് ഡൽഹിയിൽ ഞാൻ ഒരു പരിപാടിക്ക് പോയി. പിജെ കുര്യനും അതിൽ പങ്കെടുക്കാനായി വരുന്നുണ്ട്. അന്ന് അദ്ദേഹം രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറാണ്. കുര്യന്റെ വരവോടെ പരിപാടിക്ക് വന്ന ഡൽഹി നിവാസികളെല്ലാം ഉഷാറായി. അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ എന്തുകൊണ്ട് ഇത്രയും കാലം പിജെ കുര്യന്റെ പ്രസംഗം കേട്ടില്ല, ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞില്ല എന്നൊക്കെ തോന്നിപ്പോയത്. പിജെ കുര്യൻ എന്നൊരാൾ മുഴുവൻ പറയുന്നത് സംസ്‌കൃതമാണ്. സംസ്‌കൃത ശ്ളോകങ്ങൾ, അതിന്റെ അർഥം, കാളിദാസന്റെ നാടകങ്ങൾ, കഥ, കവിത ഇങ്ങനെ അനർഗളനിർഗളം വരികയാണ്. ഇതാണ് ആൾക്കാർ അദ്ദേഹം കടന്നുവന്നപ്പോൾ ഉഷാറായത്. അവിടിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധകനായി ഞാൻ മാറി'.

തുടർന്ന് ഡെപ്യൂട്ടി സ്പീക്കറായതിന് ശേഷമുള്ള ഏക ദുഖം പുസ്‌തകങ്ങൾ വായിക്കാൻ കഴിയുന്നില്ല എന്നതാണെന്നും, യാത്രാവേളയിൽ പോലും അതിന് കഴിയാറില്ലെന്നും പിജെ കുര്യൻ പ്രസംഗിച്ചു. എന്നാൽ ഇടവേളകൾ അനുവദിക്കാതെ വായിച്ച് രസിച്ച ഒരേയൊരു പുസ്‌തകം തന്റെ മുകേഷ് കഥകൾ ആണെന്ന് കേട്ടപ്പോൾ അത്ഭുതവും അതിലേറെ സന്തോഷവും തോന്നിയെന്ന് മുകേഷ് പറയുന്നു.