
കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി സി ജോർജ് എം എൽ എ. കോട്ടയം പളളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി സി ജോർജിനെ കണ്ട് ആർ എസ് എസ് - ബി ജെ പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ എസ് എസ് കോട്ടയം സേവാപ്രമുഖ് ആർ രാജേഷിന് സംഭാവനയായി ആയിരം രൂപ നൽകിയത്.
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നൽകിയശേഷം പി സി ജോർജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ കോൺഗ്രസ് എം എൽ എഎൽദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്ഥാന സമിതിയംഗം എൻ ഹരി, കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, നേതാക്കളായ ആർ രാജീവ്, സതീഷ് ചന്ദ്രൻ മാസ്റ്റർ, അജീഷ് കുമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.