
കാവ്യഗന്ധർവൻ ചങ്ങമ്പുഴയുടെ കവിതപോലെ മൃദുലളിതവും ഗുണമിളിതവുമായ ഭാഷ ശൈലിയുടെ തലയെടുപ്പായിരുന്നു മലയാളത്തിനെന്നും പ്രൊഫ. എസ്. ഗുപ്തൻ നായർ. കാവ്യനിരൂപകൻ എന്നതിനൊപ്പം തന്നെ പാണ്ഡിത്യവും സൗഹൃദയത്വവും കൃത്യമായ അനുപാതത്തിൽ ആ അക്ഷരങ്ങളിൽ ചേർന്നൊഴുകി. മനസിൽ വിദ്വേഷം വച്ച് അദ്ദേഹം ഒന്നും എഴുതിയിരുന്നില്ല. എന്നാൽ തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തിയ മഹാപ്രതിഭ. വിമർശകൻ, ഭാഷാപണ്ഡിതൻ, ജീവചരിത്രകാരൻ, നിഘണ്ടുകാരൻ, വിവർത്തകൻ, ചെറുകഥാകൃത്ത്, നാടകകൃത്ത്, പ്രസാധകൻ, സംഗീതജ്ഞൻ, നാടകനടൻ, ഗായകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ആദ്ധ്യാത്മിക ചിന്തകൻ, ടെന്നീസ് കളിക്കാരൻ എന്നീ നിലകളിൽ വിഖ്യാതൻ. പരിനിഷ്ഠിതമായ പാണ്ഡിത്യത്തിന്റെ പ്രതീകമായിരുന്നു ഇൗ ഒാണാട്ടുകരക്കാരൻ. നിരൂപണം മദ്ധ്യസുവർണ മാർഗമായിരുന്നു. സാമൂഹിക ശാസ്ത്രവും മനഃശാസ്ത്രവും ഭാഷാശാസ്ത്രവും പുസ്തക സമാലോചനയിലും പുനരാലോചനയിലും അദ്ദേഹം ഉപജീവിച്ചു. പാശ്ചാത്യ, പൗരസ്ത്യ സാഹിത്യങ്ങളിൽ അവഗാഹമുണ്ടായിരുന്നു. തന്റെ വിമർശന സങ്കല്പത്തെപ്പറ്റി അദ്ദേഹം എഴുതിയത് സ്മർത്തവ്യമത്രേ. അദ്ധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് ഇന്നും കേരളത്തിന്റെ മനസിലുണ്ട്, അദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് പേരെടുത്ത നിരൂപണങ്ങളിലൂടെയും.
''കലാസൃഷ്ടിയെന്ന നിലയിൽ ഒരു കൃതിയുടെ സൗന്ദര്യമൂല്യം സുപ്രധാനമാണ്. സന്ധി സന്ധ്യാംഗപ്പൊരുത്തം, വികാര സംക്രമണ ക്ഷമത, ലയഭംഗി എല്ലാം നോക്കണം. അതേ സമയം ഏത് കലാസൃഷ്ടിയും ഒരു സാമൂഹ്യ രേഖയുമാണ്.""
നിരൂപണത്തിൽ ഗുണദോഷ വിവേകത്തിനാണ് പ്രാധാന്യം. 'തെളിമ" എന്ന ഒറ്റവാക്കാണ് ഗുപ്തൻ നായർ സാറിനെപ്പറ്റി എന്തെങ്കിലും പറയാനൊരുങ്ങുമ്പോൾ തന്റെ മനസിൽ ഉദിക്കുന്നതെന്ന് പ്രശസ്ത, കവയിത്രി സുഗതകുമാരി. (ഗുരുവന്ദനം). ആ വാക്കുകളിൽ എല്ലാമുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഏഴ് പതിറ്റാണ്ടുകാലം ഇൗ ഗുരുനാഥൻ സ്വച്ഛശ്രീവിലാസത്തോടെ തിളങ്ങി. കാലവും വ്യക്തികളും പകർന്നാട്ടം നടത്തുന്ന 'മനസാസ്മരാമി" (2005) ആ സർഗധനന്റെ ഒാർമ്മയുടെ പ്രൗഢഭംഗിയാണ്. ആധുനിക സാഹിത്യം, ഇസങ്ങൾക്കപ്പുറം, (കേരള സാഹിത്യ അക്കാഡമി പുരസ്കാരം - 1961), തിരയും ചുഴിയും, സമാലോചനയും പുനരാലോചനയും, ക്രാന്തദർശികൾ, അമൃതസ്മൃതി, നവമാലിക, ടാഗൂർ കവിയും മനുഷ്യനും, അസ്ഥിയുടെ പൂക്കൾ: ചങ്ങമ്പുഴക്കവിയും കവിതയും, കേസരിയുടെ വിമർശം, കാവ്യസ്വരൂപം, ഗദ്യം പിന്നിട്ടവഴികൾ, കേരളവും സംഗീതവും, രാമായണം, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ (കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്- 1983), വാഗർഥവിചാരം ഇത്യാദി അമ്പത് ഇൗടുറ്റ ഗ്രന്ഥങ്ങൾ. സംശോധനവും പ്രസാധനവും സൂക്ഷ്മമായി നിർവഹിച്ച ഗ്രന്ഥങ്ങൾ പതിനഞ്ച്.
'അസ്ഥിയുടെ പൂക്കൾ" (1998) മാസ്റ്റർ പീസാണ്. 'മതിമോഹന ശുഭനർത്തനം" തന്നെയാണ് ഇൗ പുസ്തകത്തിലെ ഒാരോ അദ്ധ്യായവും. പതിനേഴ് അദ്ധ്യായങ്ങളും രണ്ട് അനുബന്ധവും. ചങ്ങമ്പുഴ ജീവിച്ച കാലഘട്ടത്തിൽ അദ്ദേഹത്തോടിടപഴകി ജീവിച്ച ഒരാളെഴുതിയ ജീവചരിത്രമാണിത്. ഉരുകുന്ന അസ്ഥിയിൽ നിന്ന് ഉരുവം പൂണ്ട പൂവാണ് ഒാരോ ചങ്ങമ്പുഴക്കവിതയുമെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ദൃശ്യബിംബങ്ങളും വാഗർത്ഥങ്ങളുടെ അസുലഭമായ മേളനവും.
ഇരുനൂറ്റിയമ്പതോളം പ്രൗഢമായ, പഠനീയമായ അവതാരികകൾ. ഭാരതീയ ജ്ഞാനപീഠ പുരസ്കാരത്തിനു സമർഹമായ 'ഒാടക്കുഴൽ" എന്ന മഹാകവി ജി.യുടെ തിരഞ്ഞെടുത്ത ഖണ്ഡകൃതികൾക്കെഴുതിയ ('ഏറ്റവും ശ്രദ്ധേയനായ കവി") അവതാരിക പ്രഥിതമാണ്. (1949) ശങ്കരക്കുറുപ്പിന്റെ പശ്ചാത്തലം, കുറുപ്പ്- പ്രകൃതിഗായകൻ, ദേശസ്നേഹി, ശങ്കരക്കുറുപ്പ്- ഒരു മിസ്റ്റിക്, ശങ്കരക്കുറുപ്പ്- ഒരു വിപ്ളവകവി, കുറുപ്പ് - ഒരു ഇന്റർനാഷണലിസ്റ്റ് സിംബോളിസത്തെക്കുറിച്ച് എന്നിവയാണ് ഉപശീർഷകങ്ങൾ. അവതാരിക ഇങ്ങനെ സമാപിക്കുന്നു. ''പൂർവ സംസ്കാര വിരോധവും വിപ്ളവ പ്രസക്തിയും ഏറിനിൽക്കുന്ന പുരോഗാമികളെയും ഭീരുതയും ഭക്തിജാധ്യവും കൊണ്ട് സകല സംസ്കരണ ശ്രമങ്ങളെയും തടഞ്ഞുവയ്ക്കുന്ന യാഥാസ്ഥിതികന്മാരെയും കൂട്ടിയിണക്കാൻ കഴിവുള്ള ഒരു ഒന്നാംകിട മനസാണ് ശങ്കരക്കുറുപ്പിന്റേത്. ഭൂതകാലത്തിന്റെ സൂക്ഷ്മതകളെ നുകർന്നുകൊണ്ട് നാളത്തെ വിപ്ളവത്തിന് കളമൊരുക്കുന്നു അദ്ദേഹത്തിന്റെ കവിത. അത്, ജീവിതത്തിന്റെ ഗംഭീരമായ ഘോഷയാത്ര കടന്നുപോകുമ്പോൾ സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും പുഷ്പങ്ങൾ വർഷിച്ചു കൃതാർത്ഥത നേടുന്നു." ആദ്യത്തെ അവതാരിക കോന്നിയൂർ നരേന്ദ്രനാഥിന്റെ 'വിവാഹത്തിനുശേഷം" എന്ന നാടകകൃതിക്കാണെഴുതിയത്. (1945) 'ചരിത്രത്തിന്റെ അടിവേരുകൾ" (കേസരി എ. ബാലകൃഷ്ണപിള്ള), 'എ ജേർണി ത്രൂ മഹാഭാരത" (ഭാരത പര്യടനത്തിന്റെ ഇംഗ്ളീഷ് വിവർത്തനം), തിരഞ്ഞെടുത്ത കഥകൾ (എസ്.കെ. പൊറ്റക്കാട്), നാദബ്രഹ്മം തേടി (മേലൂർ ദാമോദരൻ) അലങ്കാര ശാസ്ത്രം മലയാളത്തിൽ (ഡോ. ചാത്തനാത്ത് അച്യുതനുണ്ണി), 'പാതിരാപ്പൂക്കൾ" (സുഗതകുമാരി), 'മതവും മന്ത്രവാദവും" (വേദബന്ധു) 'സാഹിത്യ വിചാരം " (പ്രൊഫ. എം.പി. പോൾ) എന്നിവയുടെ അവതാരികകൾ എടുത്തുപറയട്ടെ.
ഭാഷാ സൗന്ദര്യവും ആശയങ്ങളുടെ അപൂർവശോഭയും നിറഞ്ഞുനിൽക്കുന്ന ലേഖനങ്ങളുടെ വൻനിരയിൽ പ്രാധാന്യമുള്ളവയാകുന്നു. പാലക്കാടൻകാറ്റ്, ഒാണാട്ടുകരഭാഷ, സ്വാതിയുടെ സന്നിധിയിൽ, ഇസങ്ങൾക്കപ്പുറം, ആശാൻ ജനകീയ കവിയോ? ചന്തുമേനോന്റെ ഭാഷ, മാർക്സിന്റെ ഗാന്ധിയൻ ലാളിത്യം, ചങ്ങമ്പുഴ അന്നും ഇന്നും, സി.വിയുടെ പഴമയും പൈതൃകവും, ഉജ്ജയിനി- കാല്പനിക ഭംഗികൾ വീണ്ടും, നാലുകെട്ടിലെ നിഴലും വെളിച്ചവും, ശൈലിയെപ്പറ്റി ചില ചിന്തകൾ, ഇ.വിയുടെ വിശ്വരൂപം, വിട്ടുപോയ കണ്ണികൾ (സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ- ഖണ്ഡം 12)(, രാമായണത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ണായിവാരിയരുടെ സംഗീതശില്പം, വാക്ക്, അർത്ഥം, താളം, തകഴിയുടെ നീക്കിബാക്കി, ഷേക്സ്പിയർ മലയാളത്തിൽ, ചണ്ഡാല ഭിഷുകിയും ചണ്ഡാലികയും രമണനും ശബ്ദങ്ങളും 'ഖസാക്കിന്റെ ഇതിഹാസവും ഖണ്ഡന വിമർശനത്തിന് വിധേയമാക്കി. രമ്യോപന്യാസങ്ങൾ, ആഴത്തിലുള്ള പഠനങ്ങളായിരുന്നു.
നിരൂപണ രംഗത്ത് കാലെടുത്തുവച്ചപ്പോൾ കേസരി എ. ബാലകൃഷ്ണപിള്ളയായിരുന്നു മാതൃകയായത്. 'മംഗളോദയം" മാസികയുടെ പത്രാധിപസമിതിയിൽ (1945) അംഗമായിരുന്ന ഉറ്റസുഹൃത്ത് ചങ്ങമ്പുഴയാണ് നിരൂപണങ്ങളെഴുതാൻ ഗുപ്തൻനായർക്ക് കാര്യമായ പ്രോത്സാഹനം നൽകിയത്. സൗന്ദര്യപക്ഷത്തോടുകൂടിയ ആദ്യകാല വിമർശനങ്ങൾ ആസ്വദിച്ച മഹാകവി ഗുപ്തൻ നായർക്ക് ഒരു വാൾട്ടർ പേറ്ററാകാൻ കഴിയുമെന്ന് പ്രവചിച്ചത് സാക്ഷാത്കരിക്കപ്പെട്ടു.
ശിഷ്യപ്രമുഖരിൽ ഒ.എൻ.വി, ടി.ജെ.എസ്. ജോർജ്, എ.കെ. ആന്റണി, വയലാർ രവി, ചെമ്മനം ചാക്കോ, കമുകറ എന്നിവരാണ്. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ, സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്, ഗ്രന്ഥാലോകം പത്രാധിപർ തുടങ്ങിയ പദവികൾ സമലങ്കരിച്ചു. മലയാളിദിനപത്രം, പരിഷത്ത് മാസിക, വിജ്ഞാന കൈരളി, സന്നിധാനം എന്നീ ആനുകാലികങ്ങളിലും പ്രമുഖ സ്ഥാനം വഹിച്ചു. വിദ്യാഭ്യാസ സുരക്ഷാ സമിതി, കവിതാ സമിതി, എ.ആർ. സ്മാരകം, കേരള സാംസ്കാരിക വകുപ്പ്, കേരള സാഹിത്യ സമിതി ടാഗോർ അക്കാഡമി തുടങ്ങിയവയിലും പ്രവർത്തിച്ചു.
കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം, തുടങ്ങി പല പാരിതോഷികങ്ങളും കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.
1941 ൽ ആർട്സ് കോളേജിൽ നിന്നും ബി.എ ഒാണേഴ്സ് (മലയാളം) ജയിച്ചു. ചങ്ങമ്പുഴ ഒരു ക്ളാസ് താഴെ ഒാണേഴ്സിന് പഠിച്ചിരുന്നു. ആർട്സ് കോളേജ് മാസികയിൽ ഗുപ്തൻ നായർ ചില ലേഖനങ്ങൾ പ്രകാശനം ചെയ്തിരുന്നു. ഗവേഷണം പാതിവഴിയിൽ അവസാനിപ്പിച്ചു. 1944 ൽ ഗവ. ആർട്സ് കോളേജിൽ ലക്ചറർ. തലശേരി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലെ കോളേജുകളിൽ പ്രൊഫസറായിരുന്നു. 1978 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വകുപ്പുതലവനായി വിരമിച്ചു. തുടർന്ന് മൂന്നുവർഷം കേരള സർവകലാശാലയിൽ യു.ജി.സി പ്രൊഫസറായിരുന്നു. ഭാഗീരഥിയമ്മയായിരുന്നു സഹധർമ്മിണി. സാഹിത്യാസ്വദകരും അദ്ധ്യാപകരുമായ മക്കൾ പ്രൊഫ. ബി. ലക്ഷ്മി രവീന്ദ്രൻനായർ, ഡോ. എം.ജി. ശശിഭൂഷൺ, ബി. സുധാഹരികുമാർ എന്നിവർ അച്ഛന്റെ പേരിന്റെ പ്രഭ കാത്തു സൂക്ഷിക്കുന്നു.