
തിരുവനന്തപുരം: നേമം റെയിൽവേ പാതയുടെ ഇരട്ടിപ്പിക്കലിനും കോച്ച് ടെർമിനൽ നിർമ്മാണത്തിനുമായി 14.9 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് തുടങ്ങി. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ഭൂ ഉടമകൾക്ക് പരാതികളുണ്ടെങ്കിൽ ഇതിന്റെ ചുമതലയുള്ള സ്‌പെഷ്യൽ തഹസിൽദാറിന് മുമ്പാകെ ബോധിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ തണ്ടപ്പേര് സംബന്ധമായ പ്രശ്നങ്ങളും തഹസിൽദാർ മുമ്പാകെ അറിയിക്കാം.
തൈക്കാട്, തിരുമല, നേമം, പള്ളിച്ചൽ എന്നീ വില്ലേജുകളിലായി 759 സർവേ നമ്പറുകളിലായാണ് ഇത്രയും ഭൂമി ഏറ്റെടുക്കുക. ഇപ്പോൾ പുറത്തിറക്കിയ നോട്ടീസ് പ്രകാരം നഗര-ഗ്രാമീണ മേഖലകളിലെ 296 സർവേ നമ്പറുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. നേമം വഴി സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് വേഗം കൂടുതൽ വേണമെങ്കിൽ പാത ഇരട്ടിപ്പിക്കൽ അനിവാര്യമാണെന്ന് നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ബ്ളോക്ക് സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമെ ഇത്തരത്തിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനാകൂവെന്നും സമിതി ചൂണ്ടിക്കാട്ടി.
നിലവിലെ ട്രാക്കുകളുടെ ഉപയോഗശേഷി പൂർണമായും വിനിയോഗിക്കുന്നുണ്ട്. സിംഗിൾ ലൈൻ ആയതിനാൽ തന്നെ ട്രെയിനുകളുടെ തിരക്ക് കാരണം വേഗ യാത്ര സാദ്ധ്യമാകാത്ത സ്ഥിതിയാണുള്ളത്. പ്രധാന സ്റ്റേഷനെന്ന നിലയ്ക്ക് നേമം സ്റ്റേഷന്റെ വികസനത്തിനായി വിശദമായ പദ്ധതി തന്നെ റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. ഭാവിയിലേക്കുള്ള ആവശ്യങ്ങൾ കൂടി കണ്ടറിഞ്ഞാണ് പാത ഇരട്ടിപ്പിക്കലിന് തീരുമാനിച്ചത്. തിരുവനന്തപുരം സെൻട്രലിന്റെ ഉപസ്റ്റേഷനുകൾ എന്ന നിലയ്ക്ക് നേമത്തെയും കൊച്ചുവേളിയെയും കൂടുതൽ വികസിപ്പിക്കാനാണ് റെയിൽവയുടെ ലക്ഷ്യം. നേരത്തെ കോച്ച് ടെർമിനലിന് 118.5 കോടി അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
 1142 കുടുംബങ്ങളെ പുനരധിവസിപ്പിക്കും
14 ഹെക്ടർ ഭൂമി ഏറ്റെടുക്കുമ്പോൾ 1142 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക. തൈക്കാട്ടുള്ള അമ്മമാരുടെയും കുട്ടികളുടെ ആശുപത്രിക്ക് സമീപം താമസിക്കുന്നവരുടെ അടക്കമുള്ള ഭൂമി ഏറ്റെടുക്കും. 244 വീടുകൾ പൂർണമായും 171 വീടുകൾ ഭാഗികമായും നീക്കേണ്ടി വരും. റെയിൽവേ ലൈനിന് അടുത്ത് കിടക്കുന്ന ഭൂമിയാണ് ഇതിന് പാതയ്ക്ക് ഏറ്റവും അനുയോജ്യമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാതം പഠിക്കുന്നതിനായി സമിതി നടത്തിയ ഹിയറിംഗുകളിൽ തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വേഗത്തിൽ റോഡുമായി ബന്ധപ്പെടാൻ കഴിയുന്ന സ്ഥലങ്ങളിൽ പുനരധിവാസം ഉറപ്പാക്കണമെന്നുമായിരുന്നു ജനങ്ങളുടെ ആവശ്യം. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം തന്നെ പുനരധിവാസവും ഉറപ്പാക്കണമെന്നും ലഭിക്കേണ്ട അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നൽകണമെന്നും സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പാത ഇരട്ടപ്പിക്കലിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് സമീപമുള്ള ഭൂമിയും റെയിൽവേ പിന്നീട് ഏറ്റെടുക്കും.