cm-and-chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആഴക്കടൽ മത്സ്യബന്ധന വിവാദം മുറുകുന്നതിനിടെ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായുള‌ള ധാരണാപത്രം റദ്ദാക്കിയതായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ നടപടി. ഇ.എം.സി.സി കമ്പനി കെ.എസ്.ഐ.ഡി.സിയുമായും കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനുമായും ഉണ്ടാക്കിയ ധാരണാപത്രവും ഭക്ഷ്യസംസ്‌കരണ പാർക്കിനുള‌ള സ്ഥലം അനുവദിച്ച നടപടിയുമാണ് ഇതോടെ റദ്ദായത്.

ധാരണാപത്രം ഉണ്ടാക്കിയത് സർക്കാർ അറിയാതെയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ധാരണാപത്രം ഒപ്പിടാനിടയായ സാഹചര്യം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി ടി.കെ ജോസിനെ സർക്കാർ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമുണ്ടായേക്കും. 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ നിർ‌മ്മിക്കാൻ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം സർക്കാരോ കോർപറേഷനോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നേരത്തെ ഇഎംസിസിയുടെ വിവരങ്ങൾ അന്വേഷിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെളിവ് ഇന്ന് പുറത്തുവിട്ടിരുന്നു. സർക്കാർ അറിഞ്ഞല്ല പദ്ധതിയിലെ ധാരണാപത്രമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവും ഒരു ഐഎഎസ് ഉദ്യോഗസ്ഥനും സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തെളിവ് പുറത്ത് വിട്ടത്.

ഇഎംസിസിയ്‌ക്ക് വേണ്ടി മത്സ്യനയത്തിൽ തന്നെ മാ‌റ്റം വരുത്തിയെന്നും എന്നാൽ ഈ വിവരം നിയമസഭയിൽ നിന്ന് മറച്ചുവച്ചെന്നും പ്രതിപക്ഷനേതാവ് നേരത്തെ ആരോപിച്ചിരുന്നു. നിക്ഷേപക യോഗമായ അസന്റ് കേരളയിൽ സർക്കാരും ഇഎംസിസിയും ഒപ്പുവച്ച 5000 കോടിയുടെ ആദ്യ ധാരണാപത്രം ഉൾപ്പടെ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്ന് വെള‌ളയിൽ ഹാർബർ മത്സ്യബന്ധന തുറമുഖ ഉദ്‌ഘാടന ചടങ്ങിൽ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു,​ കരാർ ഒപ്പിടാൻ മുന്നിൽ നിന്ന കെഎസ്ഐഎൻസി എം.ഡി എൻ പ്രശാന്തിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.