mani-c-kappan

കോട്ടയം: എൻ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരളയെന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാർട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പൻ വ്യക്തമാക്കി.

ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താൻ തന്നെയാണ് പറഞ്ഞത്. എൽ ഡി എഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയത്. എൽ ഡി എഫ് 19 പാർലമെന്റ് സീറ്റിൽ തോറ്റ് വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പാലായിൽ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാദ്ധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പൻ പറഞ്ഞു.

പാലാ സീറ്റ് എൽ ഡി എഫ് നിഷേധിച്ചതോടെയാണ് മാണി സി കാപ്പൻ യു ഡി എഫ് പക്ഷത്തേക്ക് ചുവടുമാറിയത്. തുടർന്ന് എൻ സി പിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനിടെ കോൺഗ്രസിൽ ചേരണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച് ഘടകക്ഷി ആയിട്ടു മാത്രമേ താൻ യു ഡി എഫിൽ ചേരുകയുളളൂവെന്ന നിലപാടിൽ കാപ്പൻ ഉറച്ച് നിൽക്കുകയായിരുന്നു.