
ഷില്ലോംഗ്: പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് ആശ്വാസമേകി മേഘാലയ സർക്കാർ. പെട്രോൾ ഡീസൽ വിലകളിൽ യഥാക്രമം 7.40രൂപയും 7.10രൂപയും കുറവുവരുത്തിയിരിക്കുകയാണ് സംസ്ഥാനം. പെട്രോളിന്റെ വാറ്റ് 31.6 ശതമാനത്തിൽ നിന്ന് 20 ശതമാനമായും ഡീസലിന്റെ വാറ്റ് 22.9 ശതമാനത്തിൽ നിന്ന് 12 ശതമാനമായും കുറവുവരുത്തിയാണ് ജനങ്ങൾക്ക് ആശ്വാസമേകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിലകുറയ്ക്കാൻ സംസ്ഥാനം തീരുമാനിച്ചത്.
മേഘാലയ്ക്ക് പുറമേ പശ്ചിമബംഗാൾ, ആസാം,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ വിലകൾ കുറച്ചിട്ടുണ്ട്. പശ്ചിമബംഗാൾ പെട്രോൾ, ഡീസൽ വിലകളിൽ ഒരുരൂപ വീതമാണ് കുറച്ചത്. ഇന്നലെ അർദ്ധരാത്രിമുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ഇന്നലെ ധനമന്ത്രി താേമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. പെട്രോളും, ഡീസലും ജി എസ് ടിക്ക് കീഴിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.