kas

സുപ്രീംകോടതിയിൽ ഹാജരാകാതെ സീനിയർ കൗൺസൽ

തിരുവനന്തപുരം: കെ.എ.എസിന്റെ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥ-ഭരണ തലത്തിൽ അണിയറ നീക്കം.

സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ എൻ.എസ്.എസിനു വേണ്ടി നൽകിയ അപ്പീലിൽ കോടതി ആവശ്യപ്പെട്ടിട്ടും സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല. ഹാജരായി വാദിക്കാൻ സർക്കാരിന്റെ സീനിയർ കൗൺസൽ തയ്യാറായതുമില്ല. ഇതിൽ കടുത്ത നീരസം പ്രകടിപ്പിച്ച കോടതി, മൂന്നാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഈ മാസം 16ന് സർക്കാരിന് അന്ത്യശാസനം നൽകി. കേസ് ഏപ്രിൽ 6ന് വീണ്ടും പരിഗണിക്കും.

കെ.എ.എസിൽ പൊതുവായി അപേക്ഷിക്കാവുന്ന ഒന്നാം സ്ട്രീമിൽ മാത്രമാണ് സർക്കാർ ആദ്യം സംവരണം ഏർപ്പെടുത്തിയത്. ഗസറ്റഡ് റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാം സ്ട്രീമിലും, ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീമിലും സംവരണം ഒഴിവാക്കി. ഇതിനെതിരെ കേരളകൗമുദിയും വിവിധ പിന്നാക്ക-ദളിത് സംഘടനകളും ശബ്ദമുയർത്തുകയും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് എൻ.എസ്.എസിനു വേണ്ടി സമർപ്പിച്ച ഹർജികൾ ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും പിന്നാലെ കേരള ഹൈക്കോടതിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ കഴിഞ്ഞ ഡിസംബർ 18ന് പരിഗണിച്ച സുപ്രീംകോടതി നാലാഴ്ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നോട്ടീസ് നൽകി. തുടർവാദം ഇക്കഴിഞ്ഞ 16 ലേക്ക് മാറ്റുകയും ചെയ്തു. രണ്ടു മാസം ലഭിച്ചിട്ടും സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല. 16ന് കേസ് വാദത്തിനെടുത്തപ്പോൾ, ചുമതലപ്പെട്ട സർക്കാർ സീനിയർ കൗൺസൽ ജയ്ദീപ് ഗുപ്ത ഓൺലൈനായിപ്പോലും ഹാജരാവുകയോ, എതിർ വാദമുന്നയിക്കുകയോ ചെയ്തില്ല. പകരം ഹാജരായ ജൂനിയർ അഭിഭാഷകൻ മൂന്നാഴ്ച കൂടി സമയം തേടുകയായിരുന്നു. കെ.എ.എസ് സംവരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കാതിരുന്നത് വി.ആർ.ജോഷി കോ-ഓർഡിനേറ്ററായ സോഷ്യൽ ജസ്റ്റിസ്

ഫോറത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്റെ ശക്തമായ ഇടപെടലിലാണ്.

മുഖ്യമന്ത്രിയും പിന്നാക്ക-പട്ടിക വിഭാഗ ക്ഷേമമന്ത്രി എ.കെ. ബാലനും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുകയും, സംവരണ ഉത്തരവിന് അനുകൂലമായി സുപ്രീംകോടതിയിൽ ശക്തമായ നിലപാടെടുക്കാൻ നിർദ്ദേശിക്കുകയും വേണം.

ഐ.എ.എസിന്റെ വാതിലടയും

കെ.എ.എസിന്റെ മൂന്ന് സ്ട്രീമിലും സംവരണമുണ്ടെങ്കിലേ പിന്നാക്ക, പട്ടിക ജാതി- പട്ടിക വർഗ സമുദായങ്ങൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നത തസ്തികകളിൽ നിയമനത്തിനും അതുവഴി, ഐ.എ.എസ് കേഡറിലേക്കുള്ള പ്രൊമോഷനും വഴി തെളിയൂ. സംവരണം ഒന്നാം സ്ട്രീമിൽ മാത്രമായാൽ, നിയമനസാദ്ധ്യത ഇതിന്റെ മൂന്നിലൊന്നായി ചുരുങ്ങും. ഐ.എ.എസിലേക്കുള്ള പ്രവേശന കവാടം അടയും.