
''ഒരുകഷ്ണം പത്തിരി, ഒരു കഷണം പത്തിരി...പപ്പടം വേണോ..."
കടക്കാരൻ ചോദിച്ചു.
ഒരു നിമിഷം ആലോചിച്ച ശേഷം മറുപടി.
''വേണ്ട ..."
അടുക്കിവച്ചിരിക്കുന്ന അരിപ്പത്തിരിയിൽ നിന്ന് ഒന്നെടുത്ത ശേഷം വാട്ടിയ വാഴയിലക്കു മുകളിൽ വച്ചു. വെള്ളപിഞ്ഞാണം നടുക്കുവച്ച് ഇരുവശവും നോക്കി റെഡിയല്ലേ എന്ന്ഉറപ്പുവരുത്തിയ ശേഷം മുന്നോട്ടും പിറകോട്ടും രണ്ട് ഓടിക്കൽ. ഇരുമ്പ് പിഞ്ഞാണത്തിന്റെ അരികുകൾ അങ്ങിങ്ങായി അടർന്നു തുടങ്ങിയിട്ടുണ്ട്.പരിക്കും പഴക്കവും മൂലം വക്കുപൊട്ടിയ പിഞ്ഞാണം കൊണ്ട് എത്ര ഭംഗിയായിട്ടാണ് വേലായുധേട്ടൻ പൂർണചന്ദ്രനെപ്പോലിരുന്ന പത്തിരിയെ രണ്ടായി പകുത്തത്. അതും നൊടിയിടയിൽ. ഒരു കയ്യിൽ പത്തിരിയും മറ്റേ കയ്യിൽ ചായയുമായി ബഞ്ചിലിരിക്കുന്ന ക്രിശഗാത്രനെ കൗതുകത്തോടെ നോക്കി. മെലിഞ്ഞ ശരീരം. തോർത്തുമുണ്ട് മാത്രം. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ സിക്സ് പാക്ക്. റേഷൻ കാർഡിന്റെ നിറമേതാണെന്ന് പറയാതെയറിയാം. വയറുമുറുക്കി ശീലിച്ചതിനാലാവണം പത്തിരി 'അര" യിലൊതുക്കിയത്. ഇത്തരം നാടൻ പണിക്കാരാണ് കടയിലധികവും എത്താറുള്ളത്.
ഞാനെത്തിയത് നാല് കഷണം പുട്ട് പാഴ്സൽ വാങ്ങാൻ. നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം. വള്ളി നിക്കാറാണ് വേഷം. പോരാത്തതിന് അവധി ദിവസവും.കഷ്ണം പുട്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. കഷ്ണം പത്തിരിയെന്നു കേട്ടപ്പോഴാണ് ആളെയൊന്നു നോക്കിയത്. അന്നൊക്കെ പാടത്തെ പണിക്കാരൊക്കെ വിളിപ്പേരിലാണ് അധികവും അറിയപ്പെടുക. കുറുപ്പ്, കൊക്ക്, കണ്ടൻ, ചിണ്ടൻ...അങ്ങനെ. അത് കുറുപ്പായിരുന്നു. നിറം കറുപ്പായിരുന്നു. ചായക്കടയിലെ പുട്ടു നിർമ്മാണം ഒരു രസം തന്നെയാണ്. കോൺക്രീറ്റ് കുഴക്കുന്ന ഷെവലിന്റെ ഒരു മീനിയേച്ചർ. കൈ ചിരവകൊണ്ട് ചിരവിയ തടിയുള്ള പീര ആദ്യം മുളംകുറ്റിയിൽ. പിന്നെ ചിരട്ടയിൽ അളന്നെടുത്ത പുട്ടുപൊടിയിടും. ഈർക്കില് കൊണ്ടൊരു ലെവലിംഗ്. പിന്നെയും പീര ...പൊടി.. ഇടയ്ക്കിടക്ക് പൂജാരിയെപ്പോലെ പൊടിയിൽ വെള്ളംകുടയൽ.. പൊടിയുണങ്ങാതിരിക്കാൻ. തടിയുള്ള പീരയായതിനാൽ കഷണങ്ങൾ വേർപെടുത്താൻ ഗുസ്തി പിടിക്കേണ്ട..
പരിചയ സമ്പന്നനായ ഒരഭ്യാസിയെപ്പോലെ പൊടിനിറക്കലും തേങ്ങ ചിരവലും തീ ഊതലും എല്ലാം കൂടി ഒരുബഹളമയം.തൊട്ടടുത്ത അടുപ്പിൽ സഹധർമ്മിണി മത്തിക്കറിയുണ്ടാക്കുന്ന തിരക്കിലും.
മൂപ്പരുടെ കടയിലെ കടലക്കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. പിഞ്ഞാണത്തിൽ കറി വിളമ്പിയാൽ അതിനു മുകളിൽ ഇളകി നടക്കുന്ന വെളിച്ചെണ്ണയിൽ വറവിട്ടതിന്റെ കുമിളകൾ നെറ്റിപ്പട്ടത്തിന്റെ ഒരു ചെറു പതിപ്പുപോലെ തോന്നും. ഇന്നത്തെപ്പോലെ വെളിച്ചെണ്ണ രണ്ടും മൂന്നും ലിറ്ററൊക്കെ വാങ്ങുന്ന കാലമല്ലന്ന്. നൂറ്...അല്ലെങ്കിൽ ഇരുനൂറ്. സമ്പന്നരാണെങ്കിൽ ഒരു ലിറ്ററൊക്കെ വാങ്ങും. വെളിച്ചണ്ണ കുറഞ്ഞാലെന്താ? വറവിട്ട കറിക്കൊക്കെ എന്തൊരു മണവും രുചിയുമായിരുന്നെന്നോ?
കടലക്കറിക്ക് മാറ്റു കൂട്ടാൻ അങ്ങിങ്ങായി കിടക്കുന്ന കറിവേപ്പില. കറിക്കുമേലെ ആദ്യം ഒരുകഷണം പുട്ട്.അതിനുമേലെ പപ്പടം. പണിക്കാരുടെ തഴമ്പുള്ള കൈകൊണ്ടുള്ള കൈകാര്യം കണ്ടാൽ ഇവരെന്തോ കുറ്റം ചെയ്തപോലെ തോന്നും.
ദാരിദ്ര്യം കൊടികുത്തി വാഴുന്ന കാലം. ഒരുകഷണം പുട്ടിന് ഇരുപതു പൈസ പത്തിരിക്കും. പത്തിരി പകുതിക്ക് പത്തും. പത്തുമണിക്കുള്ള ചായകുടി അൽപ്പം ആർഭാടമാക്കിയാൽ അറുപത് അല്ലെങ്കിൽ എഴുപത്. ദിവസക്കൂലി അഞ്ചു രൂപയും.
കടലക്കറിക്ക് മുകളിൽവച്ച പുട്ടിനു പുറത്ത് ഇരിപ്പുറപ്പിച്ച പപ്പടത്തെ പൊടിച്ചടുക്കുന്നത് നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല. കൊച്ചിയിലെ ഫ്ളാറ്റ് പൊളിച്ച ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്.
'പുട്ട് നാല് കഷണമല്ലേ."
'അതെ..."
തിരക്കൊന്നും കുറഞ്ഞപ്പോൾ കടക്കാരന്റെ ചോദ്യം. വാട്ടിയ വാഴയിലയിൽ പുട്ട് പൊതിയുന്നതിനിടയിൽ കടയുടെ മുന്നിലെ പാടത്തേക്കൊന്നു നോക്കി. ഉഴുതു മറിച്ചിട്ട കണ്ടത്തിൽ നിന്ന് ചാണകത്തിന്റെയും ചളിയുടെയും മണം. പടിഞ്ഞാറോട്ട് മുഖമുള്ള കടയിലേക്ക് ഈ ഗന്ധം അരിച്ചു കയറുന്നുണ്ടെങ്കിലും കടലക്കറിയുടെ വറവിൽ അതെല്ലാം വഴിമാറിപ്പോവുകയായിരുന്നു.
വീട്ടിലന്നു രാവിലെ കപ്പയായതു കൊണ്ടാണ് അമ്മ നുള്ളിപ്പെറുക്കി ശേഖരിച്ചു വച്ചതിൽ നിന്ന് പുട്ടിനുള്ള പൈസ തന്നത്. കപ്പ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല. രാവിലെ തിന്നാനൊരു മടി. അന്നൊക്കെ കപ്പ കടയിൽ നിന്ന് വാങ്ങാൻ തന്നെ മടിയാണ്. കപ്പ കഴിക്കുന്നവരൊക്കെ പാവപ്പെട്ടവരാണത്രേ...അരി വാങ്ങാൻ പണമില്ലാത്തവരും... .കോവൂരങ്ങാടിയിൽ നിന്ന് കപ്പ വാങ്ങാൻ പോയാൽ കടക്കാരൻ കാണാതെ കത്തിയെടുത്ത് കഷണങ്ങളാക്കിയാണ് സഞ്ചിയിലിടുക.നാട്ടുകാർക്ക് സഞ്ചിയിൽ കപ്പയാണെന്നു അറിയാതിരിക്കാനാണ് ഇത്തരമൊരു വിദ്യ. അല്ലെങ്കിൽ കൊടുവാൾ സഞ്ചിയിലിട്ടത് പോലെ മുഴച്ചിരിക്കും. ഇന്നതൊക്കെ പോയി കപ്പ വി.ഐ.പി യായി. കാറിൽവരുന്നവർ പോലും കവറിലിടാതെതന്നെ ഡിക്കിയിൽ വക്കും. അന്നത്തെ വഴികളെല്ലാം വീതികുറഞ്ഞതും തോടുകളെല്ലാം നാട്ടുകാരുടെ മനസ് പോലെ വീതികൂടിയതുമായിരുന്നു. തമ്മിലെല്ലാരും അറിയുമായിരുന്നു. വികസനം വന്നു. പാത വലുതായി. പാടങ്ങളില്ലാതായി. തോട് മെലിഞ്ഞു. നിറയെ വീടുകളായി. ആരെയും അറിയാതെയുമായി.
ഉഴുതു മറിച്ചിട്ട പാടത്ത് തളംകെട്ടി നിൽക്കുന്ന തെളിനീരിൽ നിറയെ കുഞ്ഞു മൽസ്യങ്ങളുണ്ടാകും. മാനത്തുള്ളൻ,പൂക്കട്ട, ചൂലിപരൽ, ചാണകപറത്തി...അങ്ങനെ പോകും പേരുകൾ. കൊയ്യാത്ത പാടത്തെ നെല്ലുകൾ ഏറെ വിനയത്തോടെ നേർത്ത വരമ്പത്തേക്ക് ഇരുവശങ്ങളിൽ നിന്നും ചാഞ്ഞു നിൽപ്പുണ്ടാകും. നടക്കുമ്പോൾ വിളഞ്ഞ നെൽക്കതിരുകൾ തട്ടി ബ്ലേഡ് വച്ച് വരഞ്ഞ പോലെ കാലുകൾ രണ്ടും മുറിയും.ഞാറു നടാനായി ഉഴുതിട്ട കണ്ടത്തിലെ മീൻ പിടുത്തവും കഴിഞ്ഞു പത്തുമണിയോടെ വീട്ടിലെത്തിയപ്പോൾ അടിയുടെ പെരുന്നാളും. ഓർക്കാൻ തന്നെ എന്ത് സുഖമുള്ള ബാല്യം.
പുത്തൻ തലമുറക്ക് എന്ത് പാടം....വെറും പാഠം മാത്രം. എല്ലാം നമ്മെളെല്ലാരും കൂടി ഇല്ലാതാക്കിയില്ലേ .
തോടില്ല...കുളമില്ല...പാടമില്ല...മീനില്ല...ബാക്കിയായത് ഓർമ്മകൾ മാത്രം.
വേലായുധേട്ടന്റെ കാലശേഷം മകൻ കുറച്ചുകാലം കട നടത്തി. പിന്നീട് അതും ഇല്ലാതായി. കടയുടെ സ്ഥാനത്തു ഇന്ന് പുതിയ കെട്ടിടങ്ങളുമായി. കറിയില്ലാതെ പത്തിരി മാത്രം കടിച്ചുതിന്നുന്ന കുറുപ്പേട്ടന്റെ ചിത്രം മായുന്നില്ല മനസിൽ നിന്നിപ്പോഴും. വിശപ്പിനെ കറിയാക്കി മാറ്റിയതായിരിക്കാം. അതോ ദാരിദ്ര്യമോ... വിശപ്പാണ് കറിയും രുചിയും...പുത്തൻ തലമുറയ്ക്കില്ലാതെ പോയതും അതുതന്നെ.