
കൊൽക്കത്ത: ബംഗാൾ ജനത മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ മാറ്റം സംസ്ഥാനത്ത് എത്തിക്കുന്നത് ബി.ജെ.പി ആയിരിക്കുമെന്നും മോദി പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ അർഹരായവർക്ക് ബംഗാളിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിനും ബംഗാൾ ജനയ്ക്കുമിടയിൽ തടസ്സം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന്റെ വികസനം തന്റെ മുഖ്യ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോപാറയിൽ നിന്ന് ദക്ഷിണേശ്വർ വരെ മെട്രോ റെയിൽവേ വിപുലീകരണത്തിന്റെ ഉദ്ഘാടനം കാലിഘട്ടിലേക്കും ദക്ഷിണേശ്വരിലേക്കുമുള്ള ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം എന്നിവയടക്കം നിരവധി റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. രാവിലെ അസാം സന്ദശിച്ച ശേഷം ഉച്ചകഴിഞ്ഞാണ് അദ്ദേഹം ബംഗാളിൽ എത്തിയത്.
അസാമിനെ സർക്കാരുകൾ അവഗണിച്ചു
മുൻപ് ഇന്ത്യ ഭരിച്ചിരുന്നവർ വടക്ക്കിഴക്കൻ മേഖലയെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമിലെ ധേമജിയിൽ നടന്ന റാലിയിൽ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. അസാമടക്കമുള്ള വടക്ക്കിഴക്കൻ പ്രദേശങ്ങളിലെ ഉന്നതിയിൽ എത്തിക്കാൻ താൻ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ദ്ധി മുതൽ ഇന്ത്യ ഭരിച്ചവർ ഡിസ്പൂർ ഡൽഹിയിൽ നിന്ന് ഏറെ അകലെയാണെന്ന് വിശ്വസിച്ചവരാണ്. എന്നാൽ, ഡൽഹി അകലെയല്ല, നിങ്ങളുടെ വാതിലിന് പുറത്താണ്. 3,300 കോടി മൂല്യമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അസാമിലും പശ്ചിമ ബംഗാളിലും മോദി നേരിട്ടെത്തുന്നത്.