doctor

ഭോപാൽ: വിവാഹ കാര്യത്തെ ചൊല്ലി കാമുകിയെ കൊലപ്പെടുത്തി കുഴിച്ചിട്ട യുവഡോക്‌ടർ പൊലീസ് പിടിയിലായി. മദ്ധ്യപ്രദേശിലെ സാത്ന ജില്ലയിലാണ് സംഭവം. ഇവിടെ ദന്ത ഡോക്‌ടറായ അഷുതോഷ് ത്രിപാഠി കാമുകിയും ക്ളിനിക്കിലെ ജീവനക്കാരിയുമാ വിഭ കെവാത്തിനെ കൊലപ്പെടുത്തി. ഡിസംബർ 14ന് നടന്ന സംഭവം എന്നാൽ പുറത്താകുന്നത് രണ്ട് മാസത്തിന് ശേഷമാണ്.

ദൃശ്യം സിനിമയിലേതിന് സമാനമായി കൊലപ്പെടുത്തിയ കാമുകിയുടെ ശരീരം കുഴിച്ചിട്ട ശേഷം അതിനുമുകളിൽ നായയുടെ ശരീരവുമിട്ട് മൂടിയെന്ന് പൊലീസിനോട് അഷുതോഷ് കു‌റ്റം സമ്മതിച്ചു. ഡിസംബർ 14ന് യുവതിയെ കാണാതായ ശേഷം വീട്ടുകാർ അഷുതോഷിനോട് യുവതിയെ കുറിച്ച് അന്വേഷിച്ചു. എന്നാൽ കുടുംബത്തോടൊപ്പം താൻ താമസിക്കില്ലെന്നും ഒ‌റ്റയ്‌ക്ക് താമസിക്കാനിഷ്‌ടമെന്നും വിഭ പറഞ്ഞതായി ഇയാൾ വിഭയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാൽ പെൺകുട്ടിയെ ഫോണിൽ ലഭിക്കുന്നില്ലെന്ന് മനസിലായ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു.

കേസന്വേഷണം നടത്തിയ പൊലീസിനോട് തനിക്ക് വിഭയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അഷുതോഷ് മറുപടി നൽകിയത്. എന്നാൽ മൊബൈൽ വിളികൾ സംബന്ധിച്ച അന്വേഷണത്തിൽ അഷുതോഷിന്റെയും വിഭയുടെയും ടവർ ലൊക്കേഷൻ ഒരേ സ്ഥലത്തെന്ന് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കു‌റ്റം സമ്മതിച്ചു. തന്നെ വിവാഹം കഴിക്കണം എന്ന് വിഭ നിർബന്ധിച്ചതാണ് കൊലയ്‌ക്ക് കാരണമായതെന്ന് അഷുതോഷ് പൊലീസിനോട് പറഞ്ഞു.