
കേരളത്തിന് തകർപ്പൻ ജയം, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്
ആളൂർ: തഴഞ്ഞോളൂ പക്ഷേ തളരില്ലെന്ന് തന്നെ എഴുതിത്തള്ളിയവരോട് ശ്രീശാന്തിന്റെ മറുപടി. വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയം നേടി കേരളം തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ അഞ്ച് വിക്കറ്റ് നേട്ടവുമായി പന്തുകൊണ്ട് പ്രധാന പങ്കുവഹിച്ച് ശ്രീശാന്ത് പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഉത്തർ പ്രദേശ് 49.4ഓവറിൽ 283 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ കേരളം 48.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (284/7).
അർദ്ധ സെഞ്ച്വറി നേടിയ റോബിൻ ഉത്തപ്പയും (55 പന്തിൽ 81), സച്ചിൻ ബേബിയും (83 പന്തിൽ 76) കേരളത്തെ പ്രശ്നങ്ങളില്ലാതെ വിജയ തീരത്തെത്തിച്ചു.
ടോസ് നേടിയ കേരള ക്യാപ്ടൻ സച്ചിൻ ബേബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നല്ല തുടക്കം കിട്ടയ ഉത്തർപ്രദേശിന് വാലറ്റത്ത് നാശം വിതച്ച ശ്രീയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 300 കടക്കുന്നതിൽ നിന്ന് തടഞ്ഞത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. ഓപ്പണർ അഭിഷേക് ഗോസ്വാമി (54),അക്ഷദീപ് നാഥ് (68), ക്യാപ്ടൻ ഭുവനേശ്വർ കുമാർ (1), മോഷിൻ ഖാൻ (6), ശിവം ശർമ്മ(7) എന്നിവരാണ് ശ്രീശാന്തിന്റെ ഇരകൾ. 15 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ മത്സരത്തിൽ 5 വിക്കറ്റ് നേടുന്നത്. 2006ലാണ് ഇതിനു മുമ്പ് ലിസ്റ്റ് എയിൽ ശ്രീശാന്ത് 5 വിക്കറ്റ്് നേട്ടം കൈവരിച്ചത്.
സച്ചിൻ ബേബി രണ്ട് വിക്കറ്റ്വീഴ്ത്തി. അഭിഷേകിനേയും അക്ഷദീപിനേയും കൂടാതെ പ്രിയം ഗാർഗും (57) ഉത്തർ പ്രദേശിനായി അർദ്ധ സെഞ്ച്വ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തെ കഴിഞ്ഞ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ സെഞ്ച്വറിയുമായി തിളങ്ങിയ ഉത്തപ്പ അർദ്ധ സെഞ്ച്വറിയുമായി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സച്ചിൻ ബേബിയും തന്റെ റോൾ ഭംഗായാക്കി.             സഞ്ജു സാംസൺ 32 പന്തിൽ 29 റൺസ് നേടി റണ്ണൗട്ടായി. വത്സൽ ഗോവിന്ദ് (30), ജലജ് സക്സേന (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഉത്തർ പ്രദേശിനായി കരൺ ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി.