bineesh-kodiyeri

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സെഷൻസ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 11നായിരുന്നു ബിനീഷ് ജാമ്യാപേക്ഷ നൽകിയത്.

100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലിൽ റിമാന്റിൽ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് തള്ളുന്നത്. നാളെ ബിനീഷിന്റെ റിമാൻഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ റിമാൻഡ് നീട്ടും. ഈ സാഹചര്യത്തിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം.

കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.