qq

കിൻഷാസ: ഡോമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ ലൂക്ക അറ്റനാസിയോ കൊല്ലപ്പെട്ടു. കിഴക്കൻ ഡിആ‌ർസിയിലെ ഐക്യരാഷ്ട്രസഭയുടെ നേരെ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ലൂക്കയ്ക്കൊപ്പം സഞ്ചരിച്ച പൊലീസുകാരനും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശക തലസ്ഥാനമായ ഗോമയിൽ നിന്ന് വടക്ക് കന്യാമഹാറോ പട്ടണത്തിന് സമീപം പ്രാദേശിക സമയം രാവിലെ 10.15ഓടെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഭരണകൂടത്തിന്റെ രണ്ട് സേവകർ എന്നനിലയിൽ ആദരാഞ്ജലി അർപ്പിക്കുന്നു. വിദേശകാര്യമന്ത്രി ലുയിഗി ഡി മായോ പറഞ്ഞു. കൊല്ലപ്പെട്ട അറ്റനാസിയോ 2017 മുതൽ കിൻഷാസയിലെ ഇറ്റാലിയൻ ദൗത്യത്തിന്റെ തലവനായിരുന്നു. 2003ൽ നയതന്ത്ര സേവനത്തിൽ ചേർന്ന ഇദ്ദേഹം 2019ൽ അംബാസഡറായി സ്ഥാനമേറ്റു. സ്വിറ്റ്സർലൻഡ്, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. കോംഗോയും റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിരവധി സായുധ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ആക്രമണം പതിവാണെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞമാസം ആക്രമണത്തിൽ ആറ്പേർ കൊല്ലപ്പെട്ടിരുന്നു.