
തിരുവനന്തപുരം: പിൻവാതിൽ നിയമനവിവാദങ്ങൾ ഉയർത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളായ റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ, റിയാസ് മുക്കോളി എന്നിവർ നിരാഹാര സമരം നടത്തും.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഒൻപത് ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഇരുവരും. എന്നിട്ടും സർക്കാർ ചർച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. എം.എൽ.എമാരുടെ ജീവന്റെ വില മുഖ്യമന്ത്രി മനസിലാക്കിയില്ല. സ്പീക്കറും തിരിഞ്ഞുനോക്കിയില്ല. മന്ത്രിമാരെ വിട്ട് ചർച്ച നടത്തേണ്ടതായിരുന്നുവെന്നും മെഡിക്കൽ സംഘത്തെ പോലും അയച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.